ന്യൂഡൽഹി: മേഘാലയയും നാഗാലാൻഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മണി മുതലാണ് നാഗാലാൻഡിലും മേഘാലയയിലും വോട്ടെടുപ്പ് തുടങ്ങുന്നത്. 59 സീറ്റുകളിലേക്കാണ് ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ്. മേഘാലയയിൽ 369ഉം നാഗാലാൻഡിൽ 183ഉം സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. മേഘാലയയിലെ 3419 പോളിംഗ് സ്റ്റേഷനുകളിൽ 323 എണ്ണവും നാഗാലാൻഡിലെ 2315ൽ 924 എണ്ണവും അതീവ ജാഗ്രതാ കേന്ദ്രങ്ങളാണ്. നാല് മണിവരെയാണ് വോട്ടെടുപ്പ്.
ഏഴ് മണി വരെ എക്‌സിറ്റ് പോളുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും 100ലധികം സിആർപിഎഫ് കമ്പനികളെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ.
നാഗാലാൻഡിലെ അകുലുതോ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. മേഘാലയയിൽ സെഹിയോങ് മണ്ഡലത്തിൽ സ്ഥാനാർഥി മരിച്ചതിനെത്തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. യുണൈറ്റഡ് ഡെമോക്രാറ്റിക്ക് സ്ഥാനാർഥിയും മുൻ ആഭ്യമന്തരമന്ത്രിയുമായ എച്ച്.ഡി.ആർ. ലിങ്‌ദോയാണ് പ്രചാരണത്തിനിടെ കുഴഞ്ഞുവീണ് മരിച്ചത്.
കോൺഗ്രസ്, ബിജെപി, കോൺറാഡ് സാങ്മയുടെ എൻപിപി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികളാണ് മേഘാലയയിൽ മത്സരരംഗത്തുള്ളത്. മുൻ മുഖ്യമന്ത്രി മുകുൾ സാംഗ്മയും ചില കോൺഗ്രസ് നിയമസഭാംഗങ്ങളും തൃണമൂലിലേക്ക് കൂറുമാറിയിരുന്നു. മുൻ നിര നേതാക്കൾ കോൺഗ്രസ് വിട്ട് പാർട്ടിയിലേക്ക് എത്തിയതാണ് തൃണമൂലിന് പ്രതീക്ഷ നൽകുന്നത്.









