ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വ്വേ ഗവേഷകര്‍ കഴിഞ്ഞിടെ അവരുടെ കണ്ടെത്തലുകള്‍ നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അന്റാര്‍ട്ടിക്കയിലെ തൈ്വറ്റ്‌സ് ഹിമാനിയുടെ (ഡൂംസ്‌ഡേ ഹിമാനി) തറനിരപ്പില്‍ നിന്നും അരക്കിലോമീറ്റര്‍ താഴെയുള്ള വിടവുകളിലും പൊത്തുകളിലേക്കും ചെറുചൂടുള്ള വെള്ളം എത്തുന്നു. ഹിമാനിയുടെ അടിത്തറ ഉരുകുന്നു എന്നതാണ് അവരുടെ കണ്ടെത്തലിന്റെ കാതല്‍. അടിത്തറ ഉരുകുമ്പോള്‍ സ്വാഭാവികമായും വളരെ വേഗം അത് തകരാനുള്ള സാധ്യതയാണ് നാം മുമ്പില്‍ കാണേണ്ടത്.
ഡൂംഡ്‌സേ ഹിമാനി വരുംകാലങ്ങളില്‍ തകര്‍ന്നേക്കുമെന്നത് ഏറെക്കുറേ ഉറപ്പിക്കാമെങ്കിലും ഇത് എപ്പോള്‍ സംഭവിക്കുമെന്ന കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ക്ക് കൃത്യമായ ഉറപ്പില്ല. പക്ഷേ അങ്ങനെ സംഭവിച്ചാല്‍ നൂറുവര്‍ഷത്തിനുള്ളില്‍ കടല്‍നിരപ്പ് 65 സെന്റിമീറ്റര്‍ വരെ ഉയരുമെന്ന് അവര്‍ പ്രവചിക്കുന്നു.
തൈ്വറ്റ്‌സ് ഹിമാനിയുടെ തകര്‍ച്ച കൂടുതല്‍ ആശങ്കപ്പെടുത്തുന്നത് മറ്റൊരു കാരണം കൊണ്ടാണ്. നിലവില്‍ പിറകിലുള്ള വിശാലമായ ഐസ് തടാകങ്ങളെ തടഞ്ഞുനിര്‍ത്തുന്ന ഒരു സ്വാഭാവിക ഡാം പോലെയാണ് തൈ്വറ്റ്‌സ് നിലകൊള്ളുന്നത്. എന്നാല്‍ ഇത് തകരുന്ന വേളയില്‍ പിന്നിലുള്ള ഐസ് തടാകങ്ങള്‍ വഴുതി അന്റാര്‍ട്ടിക്കയുടെ ചെങ്കുത്തായ ഇടങ്ങളിലേക്ക് പതിക്കാനും ക്രമേണ കടലിലേക്ക് ഒഴുകിയെത്തി കടല്‍ നിരപ്പ് വീണ്ടും 3 മീറ്റര്‍ ഉയരാനും ഇടയാക്കും.
സമുദ്രനിരപ്പ് മൂന്ന് മീറ്റര്‍ ഉയരുകയെന്നാല്‍ ലോകത്തിലെ തീരദേശ നഗരങ്ങളും താഴ്ന്ന് കിടത്തുന്ന മേഖലകളിലെ നഗരങ്ങളും കടലെടുക്കുന്ന സ്ഥിതിവിശേഷത്തിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നത്. ബംഗ്ലാദേശ്, മാലിദ്വീപ്, നെതര്‍ലന്‍ഡ് എന്നീ രാജ്യങ്ങളും അമേരിക്കയിലെ ഫ്‌ളോറിഡ, ലൂസിയാന തുടങ്ങിയ നഗരങ്ങളുമാണ് ഈ രീതിയില്‍ ഏറ്റവുമധികം ഭീഷണി നേരിടുന്നത്. പക്ഷേ ഈ മേഖലകള്‍ കടലെടുക്കുന്നത് മാത്രമല്ല, ആഗോളതലത്തില്‍ മറ്റ് നിരവധി പ്രത്യാഘാതങ്ങളും ഇതെത്തുടര്‍ന്ന് ഉണ്ടാകും.
വളരെ കഷ്ടപ്പെട്ടാണ് ഇന്ന് ടൈ്വറ്റ്‌സ് ഹിമാനി പിടിച്ചുനില്‍ക്കുന്നതെന്നും വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാമെന്നും ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വ്വേയിലെ മറൈന്‍ ജിയോഫിസിസ്റ്റായ റോബര്‍ട്ട് ലാര്‍ട്ടര്‍ പറയുന്നു. അഞ്ച് വര്‍ഷം മുതല്‍ 500 വര്‍ഷം വരെയുള്ള കാലയളവില്‍ ഹിമാനി തകരാനുള്ള സാധ്യതയാണ് ചില ശാസ്ത്രജ്ഞര്‍ മുന്നോട്ടുവെക്കുന്നത്. ആഗോളതാപനം മൂലം തൈ്വറ്റ്‌സ് ഹിമാനി തകര്‍ച്ചയുടെ വക്കിലാണെന്ന് 2021ല്‍ നടത്തിയ മറ്റൊരു പഠനവും വ്യക്തമാക്കിയിരുന്നു. വരുംവര്‍ഷങ്ങളില്‍ ഇതിന്റെ നിലനില്‍പ്പില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ആ പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഏതായാലും ഒരു കാര്യം വ്യക്തമാണ് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന അവസ്ഥയിലാണ് ഡൂംസ്‌ഡേ ഹിമാനി.








