പത്തനംതിട്ട: ശബരിമല നട തുറക്കാന്‍ ഒമ്പത് ദിവസം മാത്രമുള്ളപ്പോള്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന പ്രധാന റോഡുകളില്‍ ഇനിയും അറ്റകുറ്റപണികള്‍ പൂര്‍ത്തിയായില്ല. ഹെവിമെയ്ന്റനെന്സ് അടക്കം 160 കോടി രൂപയുടെ റോഡ് അറ്റകുറ്റപണികള്‍ക്ക് ഭരണാനുമതിയും ടെന്‍ഡര്‍ നടപടിയും പൂര്‍ത്തിയായെങ്കിലും തുടര്‍ നടപടികളുണ്ടായില്ല.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഉള്‍പ്പെടുന്ന 800 കിലോ മീറ്റര്‍ പാതകളാണ് ശബരിമല റോഡുകളില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ ഉദ്ദേശം 600 കിലോ മീറ്റര്‍ പാതയും തകര്‍ന്നു കിടക്കുകയാണ്. കൂടാതെ ശബരിമലയുടെ ഫീഡര്‍ റോഡുകളായ തിരുവല്ല-അമ്പലപ്പുഴ പാത അടക്കമുള്ളവ കുളംതോണ്ടിയ അവസ്ഥയിലാണ്. എം.സി റോഡിന്റെ സ്ഥിതിയും വിഭിന്നമല്ല. ഇനിയുള്ള ഒരാഴ്ചയ്ക്കുള്ളില്‍ റോഡുകളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന കാര്യം കരാറുകാരും സമ്മതിക്കുന്നു. പദ്ധതിക്ക് ഭരണാനുമതി നല്‍കുന്നതിനും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുമുള്ള താമസമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
കരാറുകാരുടെ തൊഴിലാളികള്‍ എല്ലാം തന്നെ ദീപാവലിക്കായി പശ്ചിമബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലേക്ക് പോയെന്നാണ് അധികൃതരുടെ വിശദീകരണം. റോഡുകളുടെ അറ്റകുറ്റപണികള്‍ സ്തംഭിക്കുമെന്ന അവസ്ഥ വന്നതോടെ നിയമനടപടികള്‍ പാലിക്കാതെ എങ്ങനെയെങ്കിലും അറ്റകുറ്റപണികള്‍ നടത്താനാണ് പൊതുമരാമത്തുവകുപ്പ് അധികൃതരുടെ തീരുമാനം.
ഏറ്റവും കൂടുതല്‍ അയ്യപ്പഭക്തര്‍ സഞ്ചരിക്കുന്ന ചെങ്ങന്നൂര്തെക്കേമല പാതയില്‍ പല സ്ഥലങ്ങളിലും ഗട്ടറുകള്‍ കാണാം. ചിലയിടത്ത് വന്‍ അപകടങ്ങള്‍ വരുത്തിവയ്ക്കുന്ന കുഴികളുമുണ്ട്. തിരുവല്ലകോഴഞ്ചേരി പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിപോലും നടന്നിട്ടില്ല. കോഴഞ്ചേരി പത്തനംതിട്ട റോഡ് തകര്‍ന്നു തരിപ്പണമായിരിക്കുകയാണ്. നവംബര്‍ 16 ന് വൈകിട്ട് അഞ്ചിനാണ് ശബരിമല നടതുറക്കുന്നത്.ശബരിമല പാതകള്‍ നവീകരിക്കുന്ന കാര്യത്തില്‍ ഇത്തരത്തിലുള്ള പ്രതിസന്ധി കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഉണ്ടായിട്ടില്ല.
Discussion about this post