കൊച്ചി: ബ്രഹ്മപുരത്തേക്ക് വീണ്ടും മാലിന്യ വണ്ടികള്‍. 50 മാലിന്യവണ്ടികളാണ് ഇന്ന് പുലര്‍ച്ചെ ബ്രഹ്മപുരം പ്ലാന്റിലേക്ക് എത്തിയത്. നാട്ടുകാര്‍ ഈ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചെങ്കിലും പോലീസ് സംരക്ഷണയില്‍ വാഹനങ്ങള്‍ പ്ലാന്റിലേക്ക് എത്തിച്ചു.
അതേസമയം ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് സ്ഥലം സന്ദര്‍ശിക്കും. ശുചിത്വമിഷന്‍ ഡയറക്ടറുടെ നേതൃത്വത്തിലാണ് സന്ദര്‍ശനം. വായു മലിനീകരണം ഉണ്ടായ സ്ഥലങ്ങളില്‍ ആരോഗ്യസര്‍വേ നടത്തും. ഇതുവരെ 678 പേരാണ് വിഷപ്പുക ശ്വസിച്ചുണ്ടായ പ്രശ്‌നങ്ങള്‍ മൂലം ചികിത്സ തേടിയത്. രക്ഷാദൗത്യത്തിന്റെ ഭാഗമായ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെടുന്നു. പുക ശ്വസിച്ച് ആരോഗ്യ പ്രശ്‌നങ്ങളുളളവരെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളിലും എത്തും. നിരവധി പേര്‍ ചികില്‍സ തേടാന്‍ തുടങ്ങിയതോടെയാണ് ആരോഗ്യസര്‍വേ നടത്താനുളള തീരുമാനം. ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തി ലക്ഷണങ്ങളുളളവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും.
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്നുള്ള പുക ജനങ്ങളില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ഐ.എം.എ കൊച്ചി ഘടകവും മുന്നറിയിപ്പ് നല്‍കി. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ലെങ്കിലും പുകയുടെ തോതും ദൈര്‍ഘ്യവും എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുന്നുവോ അത്രയും ഭാവി സുരക്ഷിതമാകും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള ശാശ്വത നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അല്ലെങ്കില്‍ പ്രവചിക്കാനാവാത്ത വിധത്തിലുള്ള പ്രത്യാഘാതങ്ങളായിരിക്കാം നേരിടേണ്ടി വരികയെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Discussion about this post