ചെന്നൈ: സ്‌കൂളിലെ വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യാനെത്തിച്ച അയൺ ഫോളിക് ആസിഡ് ഗുളികകൾ മത്സരിച്ച് കഴിച്ച വിദ്യാർത്ഥിനി മരിച്ചു. ഗുളിക കഴിച്ച് ഗുരുതരാവസ്ഥയിലായ മൂന്ന് കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ സ്‌കൂളിലെ ഹെഡ്മാസ്റ്റർ ഉൾപ്പെടെ നാല് പേരെ സസ്‌പെൻഡ് ചെയ്തു.
ഊട്ടി കാന്തലിലെ ഉറുദു സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജയനബ ഫാത്തിമ(13) ആണ് മരിച്ചത്. പന്തയം വച്ച് ഗുളികകൾ കഴിച്ച് അബോധാവസ്ഥയിലായ കുട്ടികളെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് ജയനബ ഫാത്തിമ മരിച്ചത്. 30 മുതൽ 40 ഗുളികകൾ വരെ കുട്ടികളുടെ ഉള്ളിൽ ചെന്നുവെന്നാണ് വിവരം.
കുട്ടികളിലെ വിളർച്ച ഒഴിവാക്കുന്നതിന് വേണ്ടി സർക്കാർ, സൗജന്യമായി സ്‌കൂളുകളിൽ വിതരണം ചെയ്യുന്നതാണ് ഇത്തരം അയൺ ഗുളികകൾ. ഹെഡ്മാസ്റ്ററുടെ മുറിയിൽ സൂക്ഷിച്ചിരുന്ന ഗുളികകൾ കുട്ടികളുടെ കയ്യിൽ എത്തിയതിനെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് അമീൻ, അദ്ധ്യാപിക കലൈവാണി, ആരോഗ്യവകുപ്പ് ജീവനക്കാരായ നാഗമണി, ജയലക്ഷ്മി എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.












