ന്യൂഡൽഹി: ഹോളി ആഘോഷത്തിനെത്തിയ ജപ്പാൻകാരിയായ വനിതയെ കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. മധ്യ ഡൽഹിയിലെ പഹർഗഞ്ചിൽ വച്ചാണ് സംഭവം. ഇന്ത്യ സന്ദർശിക്കാനെത്തിയ യുവതിയെ ഒരു കൂട്ടം ആളുകൾ കയറിപ്പിടിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. ഹോളി ആഘോഷത്തിന്റെ മറവിലായിരുന്നു ഉപദ്രവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കം പുറത്ത് വന്നതോടെ കുറ്റവാളികൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ദേശീയ വനിതാ കമ്മീഷൻ ഉൾപ്പെടെ വിഷയത്തിൽ ഇടപെടുകയും കടുത്ത നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പഹർഗഞ്ച് സ്വദേശികളാണ് അറസ്റ്റിലായ മൂന്ന് പേരും. ഇവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് പോലീസ് പറയുന്നു. അതേസമയം അപമാനിക്കപ്പെട്ട ജപ്പാൻ യുവതി പോലീസിൽ പരാതിയും നൽകിയിട്ടില്ല. ഇന്ത്യ വിട്ട ഇവർ നിലവിൽ ബംഗ്ലാദേശിലാണ് ഉള്ളതെന്നും പോലീസ് പറയുന്നു.
ഒരു സംഘം യുവാക്കൾ യുവതിയെ ബലമായി കടന്നു പിടിക്കുകയും നിറങ്ങൾ വാരിപ്പൂശുന്നതും വീഡിയോയിൽ കാണാം. ഇതിനിടെ ഒരാൾ യുവതിയുടെ തലയിൽ മുട്ടയും എറിയുന്നുണ്ട്. യുവതി ഇവരിൽ നിന്ന് കുതറി മാറി രക്ഷപെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. ഇതിനിടെ യുവതി ഒരാളുടെ മുഖത്തടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
Discussion about this post