“ഓസ്‌കാര്‍ അവാര്‍ഡ് എന്താണെന്ന് എനിക്കറിയില്ല”, ‘ദ എലിഫെന്റ് വിസ്‌പറേഴ്സ്’ന് 95ാമത് അക്കാദമി അവാര്‍ഡ് ലഭിച്ചുവെന്ന് പറഞ്ഞപ്പോള്‍ ബെല്ലിയുടെ പ്രതികരണം അതായിരുന്നു. ഇന്ത്യയ്ക്ക് അഭിമാനമായി ഏറ്റവും മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററിക്കുള്ള ഓസ്‌കാര്‍ അവാര്‍ഡ് വാങ്ങിയ ‘ദ എലിഫെന്റ് വിസ്‌പറേഴ്സ്’ലെ പ്രധാന കഥാപാത്രമാണ് ബെള്ളി. ഉപേക്ഷിക്കപ്പെട്ട ആനകളുടെ വളര്‍ത്തമ്മയാകുന്നത് ബെള്ളിക്ക് വലിയ ഇഷ്ടമാണ്.
“ആനകള്‍ ഞങ്ങളുടെ കുട്ടികളെ പോലെയാണ്. അമ്മ നഷ്ടപ്പെട്ട ഒരു കുഞ്ഞിന് വേണ്ടി ചെയ്യുന്ന വലിയ കാര്യമായാണ് ഞങ്ങൾ ഈ സേവനത്തെ കാണുന്നത്”, എലിഫെന്റ് വിസ്‌പറേഴ്സിന് ഓസ്‌കര്‍ ലഭിച്ചപ്പോള്‍ ചിത്രത്തിലെ കഥാപാത്രത്തിന്റെ പ്രതികരണത്തിന് വേണ്ടി പോയ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടായിരുന്നു ബെള്ളി ആനകളോടുള്ള തങ്ങളുടെ ഈ സ്‌നേഹം വെളിപ്പെടുത്തിയത്.
തനിക്ക് അവാര്‍ഡിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് തുറന്നുപറഞ്ഞ ബെള്ളി എന്തുതന്നെ ആയാലും തന്നെ തേടിയെത്തുന്ന ആശംസകളില്‍ ഏറെ സന്തോഷവതിയാണെന്ന് അറിയിച്ചു. ചിത്രത്തിലെ ആനകളെ പോലെ നിരവധി ആനകളെ വളര്‍ത്തിയിട്ടുണ്ടെന്നും അവരെയെല്ലാം സ്വന്തം മക്കളെ പോലെയാണ് നോക്കിയിരുന്നതെന്നും ബെള്ളി പിടിഐയോട് പറഞ്ഞു. പാരമ്പര്യമായി തങ്ങള്‍ ചെയ്തുവരുന്ന കാര്യമാണ് ഇതെന്നും അതിനാല്‍ ഇത് തങ്ങളുടെ രക്തത്തില്‍ ഉള്ള കാര്യമാണെന്നും ബെല്ലി പറയുന്നു.
ഡോക്യുമെന്ററില്‍ ബെള്ളിയുടെ ഭര്‍ത്താവായ ബൊമ്മനെയും കാണിക്കുന്നുണ്ട്. ബൊമ്മനെ കുറിച്ച് ചോദിച്ചപ്പോള്‍ സേലത്ത് നിന്നും ഒരു ആനയെ കൊണ്ടുവരാന്‍ പോയിരിക്കുകയാണെന്നും പുതിയ അംഗത്തെ കാത്തിരിക്കുകയാണ് താനെന്നും ബെള്ളി പറഞ്ഞു.
തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലുള്ള മുതുമലൈ കടുവ സാങ്കേതത്തിലെ തേപ്പക്കാട് ആന ക്യാംപില്‍ ആനകള്‍ക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്തുകൊടുത്ത് പാപ്പാന്മാരെ പോലെയാണ് ഈ ദമ്പതികള്‍ ജോലി ചെയ്യുന്നത്. കാര്‍ത്തികി ഗോന്‍സാല്‍വസ് സംവിധാനം ചെയ്ത ‘ദ എലിഫെന്റ് വിസ്‌പറേഴ്സ്’ എന്ന 29 മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയിൽ രഘു, അമു എന്നീ പേരുകളുള്ള രണ്ട് ആനക്കുട്ടികൾക്ക് അവരുടെ സംരക്ഷകരായ ബൊമ്മനും ബെള്ളിയുമായുള്ള ആത്മബന്ധമാണ് ചിത്രീകരിച്ചിരിക്കുന്നത്.
Discussion about this post