ബംഗളൂരു: ബംഗളൂരുവിൽ എയര്‍ഹോസ്റ്റസ് കെട്ടിടത്തിൽനിന്ന് വീണു മരിച്ചു. ഹിമാചൽ പ്രദേശ് സ്വദേശിയായ അര്‍ച്ചന ധിമാന്‍ (28) ആണ് മരിച്ചത്. ബംഗളൂരു കോരമംഗലയിലെ രേണുക റെസിഡൻസി സൊസൈറ്റിയിലെ അപാർട്മെന്റിൻറെ നാലാം നിലയിൽനിന്നാണ് അർച്ചന താഴേക്ക് വീണത്. നാലുദിവസം മുമ്പാണ് അര്‍ച്ചന ദുബായില്‍ നിന്ന് ബംഗളൂരുവിൽ എത്തിയത്.
സംഭവത്തിൽ മലയാളിയായ ആൺസുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാസര്‍കോട് സ്വദേശി ആദേശാണ് അറസ്റ്റിലായത്. ബംഗളൂരുവിലെ സ്വകാര്യകമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറാണ് ആദേശ്. ഇവർ തമ്മിൽ കഴിഞ്ഞ ആറുമാസമായി സൌഹൃദത്തിലാണെന്ന് പോലീസ് പറയുന്നു. ഒരു ഡേറ്റിങ് വെബ്സൈറ്റിലൂടെയാണ് ഇരുവരും പരിചയത്തിലായതെന്നും പോലീസ് സ്ഥിരീകരിച്ചു.
ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവാണെന്നും സംഭവം നടന്ന രാത്രിയിൽ ഇരുവരും മദ്യലഹരിയിലായിരുന്നു എന്നും പോലീസ് പറയുന്നു.സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നും പോലീസ് പറഞ്ഞു.
അര്‍ച്ചന കാലുതെറ്റി താഴേക്കു വീഴുകയായിരുന്നു. ഉടന്‍ തന്നെ താന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നാണ് ആദേശ് പോലീസിന് നൽകിയ വിശദീകരണം. ആദേശ് തന്നെയാണ് അര്‍ച്ചന ഫ്‌ളാറ്റില്‍ നിന്നു വീണ വിവരം പോലീസിനെ വിളിച്ചറിയിച്ചത്.











