ഭോപ്പാൽ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ അന്തരിച്ച മാതാവിനെയും അധിക്ഷേപിക്കുന്ന തരത്തിൽ മിമിക്രി പ്രകടനം നടത്തിയത് രാഷ്ട്രീയ അതിർവരമ്പുകൾ ലംഘിച്ചുള്ള വിലകുറഞ്ഞ നടപടിയാണെന്ന് ബിജെപി. മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ‘ഛാത്രോം കീ ഗൂഞ്ച്’ എന്ന വിദ്യാർത്ഥി സംവാദ വേദിയെയാണ് കോൺഗ്രസ് തരംതാണ രാഷ്ട്രീയ നാടകത്തിന് ആയുധമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംഭാഷണ രീതികളെയും വിദേശനയങ്ങളെയും അധിക്ഷേപിക്കുകയും മാതാവിനെ പരാമർശിച്ച് മോശം പരാമർശങ്ങൾ നടത്തുകയും ചെയ്തപ്പോൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അത് ആസ്വദിച്ച് പൊട്ടിച്ചിരിക്കുകയായിരുന്നു.
സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്തുടനീളം ഉയരുന്നത്. കോൺഗ്രസ് പൂർണ്ണമായും “കോമേഡിയന്മാരുടെയും ജോക്കർമാരുടെയും പാർട്ടിയായി” അധഃപതിച്ചുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു വിമർശിച്ചു. രാഹുൽ ഗാന്ധിയുടെ കൊച്ചുമനസ്സും ധാർമ്മിക ജീർണ്ണതയുമാണ് ഇത്തരം വേദിയിലൂടെ പുറത്തുവരുന്നതെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ഭാരതീയ സംസ്‌കാരത്തിനും മാതൃത്വത്തിനും നേരേയുള്ള കടന്നാക്രമണമാണിതെന്നും, പ്രധാനമന്ത്രിയുടെ പരേതയായ മാതാവിനെ പോലും രാഹുൽ ഗാന്ധിയും കൂട്ടരും രാഷ്ട്രീയമായി അധിക്ഷേപിക്കുന്നത് ജനങ്ങൾ പൊറുക്കില്ലെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും ചൂണ്ടിക്കാട്ടി.
സ്വന്തം പാർട്ടിയെ രാഷ്ട്രീയമായി തൊഴിലില്ലാതാക്കിയ രാഹുൽ ഗാന്ധിക്ക് ഇനിയുള്ള ഒരേയൊരു വഴി സ്റ്റാൻഡ്-അപ്പ് കൊമേഡിയനാകുക എന്നതാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പരിഹസിച്ചു. എന്നാൽ ഈ വിലകുറഞ്ഞ അധിക്ഷേപങ്ങളെ പ്രതിരോധിക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്തിറങ്ങിയത് അവരുടെ രാഷ്ട്രീയ പാപ്പരത്തമാണ് വ്യക്തമാക്കുന്നത്. ഒരു വശത്ത് മുതിർന്ന സ്ത്രീകളോട് ബഹുമാനം കാണിക്കുന്ന പ്രധാനമന്ത്രിയുടെ സംസ്കാരവും, മറു വശത്ത് മാതൃത്വത്തെ പരസ്യമായി പരിഹസിക്കുന്ന കോൺഗ്രസിന്റെ കുരുട്ടു രാഷ്ട്രീയവും ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്ന് ബിജെപി വക്താക്കൾ വ്യക്തമാക്കി.









