സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജുകളിലെ പഠനയാത്രകളിലും വിനോദയാത്രകളിലും വിദ്യാർഥികൾ സെൽഫിയെടുക്കുന്നതും സോഷ്യൽ മീഡിയ റീലുകൾ ചിത്രീകരിക്കുന്നതും പൂർണ്ണമായി നിരോധിച്ച് കർണാടക ഉന്നതവിദ്യാഭ്യാസ വകുപ്പ്. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ ചിത്രീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിദ്യാർഥികളുടെ സുരക്ഷ അപകടത്തിലാകുന്നത് തടയാനാണ് ഈ നീക്കം. യാത്രാ സമയമടക്കം ടൂറിന്റെ പരമാവധി ദൈർഘ്യം അഞ്ച് ദിവസമായി ചുരുക്കുകയും ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 11-നാണ് കോളേജ് എക്സ്കേർഷനുകൾക്കായുള്ള പുതിയ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ വകുപ്പ് പുറപ്പെടുവിച്ചത്.
കോളേജ് പ്രിൻസിപ്പൽമാർ യാത്രയ്ക്ക് മുമ്പ് തന്നെ ഇത്തരം വിലക്കുകളെക്കുറിച്ച് വിദ്യാർഥികൾക്ക് വ്യക്തമായ നിർദ്ദേശം നൽകണം. അധ്യായന യാത്ര സംഘടിപ്പിക്കുന്നതിന് മുൻപായി കോളേജുകൾ ഉന്നതവിദ്യാഭ്യാസ വകുപ്പിൽ നിന്ന് എഴുതിത്തയ്യാറാക്കിയ മുൻകൂർ അനുമതി വാങ്ങിയിരിക്കണം. സമർപ്പിക്കുന്ന റൂട്ട് പ്ലാനിൽ നിന്ന് വ്യതിചലിക്കാനോ അവസാന നിമിഷം പുതിയ സ്ഥലങ്ങൾ ഉൾപ്പെടുത്താനോ അനുവാദമില്ല. അപേക്ഷയോടൊപ്പം വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സമ്മതപത്രവും സമർപ്പിക്കേണ്ടതുണ്ട്.
മൺസൂൺ മഴക്കാലത്ത് യാതൊരു കാരണവശാലും പഠനയാത്രകൾ സംഘടിപ്പിക്കരുതെന്ന് കർശന നിർദ്ദേശമുണ്ട്. നദികൾ, കടൽ, വെള്ളച്ചാട്ടങ്ങൾ, വനങ്ങൾ, മലനിരകൾ തുടങ്ങിയ അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്ക് പോകുമ്പോൾ മുൻകൂട്ടി സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണം. ട്രെക്കിംഗ്, നീന്തൽ എന്നിവ പ്ലാനിലുണ്ടെങ്കിൽ സാക്ഷ്യപ്പെടുത്തിയ വിദഗ്ധരുടെ സാന്നിധ്യവും പ്രാദേശിക സുരക്ഷാ ക്ലിയറൻസും നിർബന്ധമാക്കിയിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിന് മുൻപായി സഞ്ചരിക്കുന്ന വഴികളെക്കുറിച്ചും ലക്ഷ്യസ്ഥാനത്തെക്കുറിച്ചും അതാത് പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ മുൻകൂട്ടി വിവരങ്ങൾ കൈമാറണം.
ഗസ്റ്റ് ലക്ചറർമാരുടെ മാത്രം മേൽനോട്ടത്തിൽ യാത്രകൾ സംഘടിപ്പിക്കാൻ പാടില്ലെന്ന് വ്യക്തമാക്കിയ ഉത്തരവിൽ കുറഞ്ഞത് ഒരു സ്ഥിരം അധ്യാപകനെങ്കിലും ഒപ്പമുണ്ടാകണമെന്ന് ഉറപ്പുനൽകുന്നു. കൂടെ പോകുന്ന അധ്യാപകരുടെ എണ്ണം നാലായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ ടീമിൽ രണ്ട് വനിതാ അധ്യാപകരും ഒരു ഗ്രൂപ്പ്-ഡി ജീവനക്കാരനും നിർബന്ധമായും ഉൾപ്പെട്ടിരിക്കണമെന്നും പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.









