ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭാ സമ്മേളനത്തിൽ (UNGA) ഇന്ത്യൻ പ്രതിനിധി സംഘത്തെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നയിക്കും. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടക്കുന്ന ഉന്നതതല സമ്മേളനത്തിൽ സെപ്റ്റംബർ 26-നാണ് വിദേശകാര്യമന്ത്രി ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുന്നത്. മുൻ വർഷത്തെപ്പോലെ ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുസഭയിൽ പങ്കെടുക്കാത്ത സാഹചര്യത്തിലാണ് ജയശങ്കർ ഇന്ത്യൻ സംഘത്തെ നയിക്കുന്നത്.
സെപ്റ്റംബർ 22 മുതൽ 28 വരെയാണ് ലോക നേതാക്കൾ പങ്കെടുക്കുന്ന പൊതു ചർച്ചകൾ നടക്കുന്നത്. ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഖലീലുർ റഹ്മാനാണ് ഇത്തവണത്തെ യുഎൻ പൊതുസഭാ സമ്മേളനത്തിന് അധ്യക്ഷത വഹിക്കുന്നത്. “വിശ്വാസം പുനഃസ്ഥാപിക്കുക, പരിവർത്തനം കൈകാര്യം ചെയ്യുക: എല്ലാവർക്കും ഫലപ്രദമായ ഒരു യുഎൻ” എന്നതാണ് ഈ വർഷത്തെ പൊതുസഭയുടെ പ്രധാന പ്രമേയം. സെപ്റ്റംബർ 24-ന് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനും, സെപ്റ്റംബർ 25-ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കും.
സന്ദർശനത്തിനിടെ വിവിധ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായും ആഗോള കൂട്ടായ്മകളുടെ പ്രതിനിധികളുമായും എസ്. ജയശങ്കർ ഉഭയകക്ഷി, ബഹുമുഖ ചർച്ചകൾ നടത്തും. സുസ്ഥിര വികസന ലക്ഷ്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം, മഹാമാരി പ്രതിരോധ തയ്യാറെടുപ്പുകൾ, വികസനത്തിനുള്ള അവകാശം, അണുകവായുധ നിർമ്മാർജ്ജനം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ഊന്നിയുള്ള ചർച്ചകളും ഈ സമ്മേളനത്തോടനുബന്ധിച്ച് നടക്കും. നിലവിലെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ കാലാവധി ഡിസംബറിൽ അവസാനിക്കാനിരിക്കെ, അദ്ദേഹത്തിന്റെ പങ്കാളിത്തമുള്ള അവസാനത്തെ യുഎൻ പൊതുസഭാ സമ്മേളനം കൂടിയാണിത്.











