ന്യൂയോർക്ക്: നിരീക്ഷണം നടത്തുകയായിരുന്ന സൈനിക ഡ്രോണിനെ റഷ്യൻ വിമാനം ഇടിച്ച് വീഴ്ത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്കൻ സൈന്യം. ഡ്രോണിനടുത്തേക്ക് വിമാനം പാഞ്ഞടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് യുഎസ് യൂറോപ്യൻ കമാന്റിന്റെ ട്വിറ്ററിലൂടെ അമേരിക്ക പുറത്തുവിട്ടത്. ചൊവ്വാഴ്ചയായിരുന്നു അമേരിക്കൻ വ്യോമസേനയുടെ എംക്യു-9 ഡ്രോൺ ജെറ്റ് ഇടിച്ച് വീഴ്ത്തിയത്.
ഡ്രോൺ ലക്ഷ്യമാക്കി റഷ്യയുടെ എസ്യു-27 എന്ന ജെറ്റ് പാഞ്ഞടുക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ ഇന്ധനം പുറത്തുകളയുന്നുണ്ട്. ഇതോടെ വീഡിയോ പകർത്തുന്നത് തടസ്സപ്പെടുന്നു. ഇതിന് ശേഷം ഡ്രോണിന്റെ പ്രൊപ്പെല്ലർ പ്രവർത്തന രഹിതമാകുന്നത് കാണാം. ഇതോടെ ഡ്രോണിനെ മറികടന്ന വിമാനം വീണ്ടും അടുത്തേക്ക് വരുന്നു. വീണ്ടും ഇന്ധനം പുറത്ത് കളഞ്ഞ ശേഷം ഡ്രോണിൽ ഇടിക്കുന്നതായും ഇതോടെ ഡ്രോൺ തകരുന്നതായും വീഡിയോയിൽ കാണാം.
രണ്ട് തവണ ഡ്രോണിന് അടുത്തേക്ക് വരുമ്പോൾ വിമാനം ഇന്ധനം പുറന്തള്ളുന്നുണ്ട്. അതിനാൽ ഇത് മനപ്പൂർവ്വം ഉണ്ടാക്കിയ കൂട്ടിയിടിയാണെന്ന് അമേരിക്ക ആരോപിച്ചു. ഇത് അശ്രദ്ധമായ നടപടിയാണെന്നും അമേരിക്ക പ്രതികരിച്ചു.
കരിങ്കടലിന് മുകളിൽ നിരീക്ഷണം നടത്തുന്നതിനിടെയായിരുന്നു റഷ്യൻ വിമാനം ഡ്രോൺ ഇടിച്ച് വീഴ്ത്തിയത്. നിയന്ത്രം വിട്ട ഡ്രോൺ തകർന്ന് വെള്ളത്തിലേക്ക് വീണു. ഇതിന് പിന്നാലെ തന്നെ റഷ്യയുടെ അശ്രദ്ധമായ പ്രവൃത്തി ചോദ്യം ചെയ്ത് അമേരിക്ക രംഗത്ത് എത്തിയിരുന്നു.
Discussion about this post