മുംബൈ: പ്രഭാത സവാരിക്ക് ഇറങ്ങിയ ടെക് കമ്പനി സിഇഒ അമിത വേഗത്തിലെത്തിയ വാഹനം ഇടിച്ചു മരിച്ചു. ദക്ഷിണ മുംബൈയിലെ വർളിയിൽ കടൽ തീരത്തോട് ചേർന്ന പ്രഭാത നടത്ത കേന്ദ്രത്തിലായിരുന്നു ദാരുണ സംഭവം.
രാവിലെ 6.30 ഓടെയാണ് അപകടം ഉണ്ടായത്. 38 കാരിയായ വനിതാ സിഇഒ രാജ്ലക്ഷ്മി രാജ് കൃഷ്ണൻ ആണ് മരിച്ചത്. അപകടമുണ്ടായ ഉടൻ ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ പിറകിലൂടെയാണ് വാഹനം വന്നത്. അതുകൊണ്ടു തന്നെ വാഹനം കാണാനോ ഒഴിഞ്ഞുമാറാനോ കഴിഞ്ഞില്ല.
ഇടിയുടെ ആഘാതത്തിൽ യുവതി മുകളിലേക്ക് തെറിച്ചുപോയി നിലത്ത് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വീഴ്ചയുടെ ആഘാതത്തിൽ ഇവരുടെ തലയ്ക്കുൾപ്പെടെ ഗുരുതരമായ പരിക്കേറ്റിരുന്നു.
കാറിന്റെ മുൻഭാഗം പൂർണമായി തകർന്നിട്ടുണ്ട്. 23 കാരനാണ് വാഹനം ഓടിച്ചിരുന്നത്. ഇയാൾക്കും പരിക്കുണ്ട്. ഇയാൾക്കെതിരെ അശ്രദ്ധമായ ഡ്രൈവിംഗ് ഉൾപ്പെടെയുളള കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
Discussion about this post