കൊച്ചി: വീട് വാടകയ്ക്ക് എടുത്ത് ലഹരിവിൽപ്പന നടത്തിയിരുന്ന നാടക നടിയായ യുവതി പോലീസ് പിടിയിൽ. കഴക്കൂട്ടം സ്വദേശിയായ അഞ്ജു കൃഷ്ണയെന്ന യുവതിയാണ് പോലീസ് പിടിയിലായത്. 56 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇവരുടെ ഇടപ്പള്ളിയിലെ ഫ്‌ളാറ്റിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്.
കാസർകോട് സ്വദേശിയ സമീറിനൊപ്പമാണ് അഞ്ജു കൃഷ്ണ താമസിച്ചിരുന്നത്. കൊച്ചി സിറ്റി പോലീസിന്റെ നാർകോടിക് സെല്ലും തൃക്കാക്കര പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ഉണിച്ചിറ തോപ്പിൽ ജംഗ്ഷനിലെ കെട്ടിടത്തിൽ പതിവ് പരിശോധനയ്ക്കായാണ് സംഘം എത്തിയത്. പോലീസിനെ കണ്ടതോടെ സമീർ ഓടിരക്ഷപെട്ടു. ഇതോടെ സംശയം തോന്നിയ പോലീസ് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്നും എംഡിഎംഎ കണ്ടെടുത്തത്. ദമ്പതികളെന്ന വ്യാജേനയാണ് അഞ്ജുവും സമീറും താമസിച്ചിരുന്നത്. സമീറിനായി പൊലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.
ബംഗളൂരുവിൽ നിന്ന് വലിയ തോതിൽ ലഹരി വസ്തുക്കൾ നാട്ടിലെത്തിച്ച്, വീട് വാടകയ്ക്ക് എടുത്ത് സൂക്ഷിച്ച ശേഷമായിരുന്നു വിതരണം. നാടകരംഗത്ത് സജീവമായിരുന്ന അഞ്ജു മൂന്ന് വർഷം മുൻപാണ് സമീറിനെ പരിചയപ്പെടുന്നത്. ഒരു മാസം മുൻപാണ് ഇവർ ഉണിച്ചിറയിലെ വീട് വാടകയ്ക്ക് എടുക്കുന്നത്.












