ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മൂത്ത സഹോദരനാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേന്ദ്ര സർക്കാരുമായി ഒരുമിച്ച് പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കെജ്രിവാൾ പറഞ്ഞു. ഡൽഹി ബജറ്റിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയ പശ്ചാത്തലത്തിലായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.
പ്രധാനമന്ത്രി ജ്യേഷ്ഠ സഹോദരനും ഞാൻ അദ്ദേഹത്തിന്റെ അനുജനുമാണ്. അദ്ദേഹം എന്നെ പിന്തുണച്ചാൽ ഞാൻ തിരിച്ച് അദ്ദേഹത്തെയും പിന്തുണക്കും. പ്രധാനമന്ത്രിയിൽ നിന്നും സ്നേഹം മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്നും കെജ്രിവാൾ പറഞ്ഞു.
അതേസമയം, ഡൽഹി ബജറ്റ് നിശ്ചിത സമയത്ത് അവതരിപ്പിക്കാൻ പറ്റാതെ പോയത് കേന്ദ്രത്തിന്റെ ദുർവാശി കൊണ്ടാണെന്നും കെജ്രിവാൾ ആരോപിച്ചു. എന്നാൽ കെജ്രിവാളിന്റെ ആരോപണം ബിജെപി നിഷേധിച്ചു.
ഡൽഹി ഒരു സംസ്ഥാനമല്ല, കേന്ദ്ര ഭരണ പ്രദേശമാണ്. അവിടെ ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമാണ്. എന്നാൽ മനപ്പൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടി ഡൽഹി സർക്കാർ ബജറ്റിന് കേന്ദ്രാനുമതി തേടിയില്ല. അതിനാൽ, നിയമ സാധുത ഇല്ലാതെ പോയ ബജറ്റ് അവതരിപ്പിക്കാനും അവർക്ക് സാധിച്ചില്ല, ബിജെപി ചൂണ്ടിക്കാട്ടി.
മനപ്പൂർവം വിവാദമുണ്ടാക്കിയ ശേഷം ഡൽഹി സർക്കാർ കീഴ്വഴക്കം പാലിച്ച് ബജറ്റ് രാഷ്ട്രപതിക്ക് അയച്ചു. രാഷ്ട്രപതി ബജറ്റിന് അംഗീകാരം നൽകിയതോടെ, ബജറ്റിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പച്ചക്കൊടി കാണിക്കുകയായിരുന്നുവെന്നും ബിജെപി നേതാക്കൾ വിശദീകരിച്ചു.
കേന്ദ്ര സർക്കാർ ഡൽഹി ബജറ്റിന് അനുമതി നിഷേധിച്ചു എന്ന ഡൽഹി സർക്കാരിന്റെ ആരോപണം പൊള്ളയാണെന്ന് ഡൽഹി ലെഫ്റ്റ്നന്റ് ഗവർണർ വിനയ് കുമാർ സക്സേന പറഞ്ഞു. 28 വർഷമായി തുടർന്ന് പോരുന്ന കീഴ്വഴക്കം തെറ്റിച്ചത് കെജ്രിവാൾ സർക്കാർ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post