ജയ്പൂർ: രാജസ്ഥാനിൽ സ്ത്രീയെ അതിക്രൂരമായി മർദ്ദിച്ച് കോൺഗ്രസ് കൗൺസിലർ. ഫത്തേപ്പൂർ ശേഖാവതിയിലായിരുന്നു സംഭവം. പ്രദേശവാസിയായ ബാനുവിനെയാണ് കൗൺസിലർ മർദ്ദിച്ചത്. ഇത് തടയാൻ എത്തിയ ബാനുവിന്റെ മകൾക്കും മർദ്ദനമേറ്റു.
രാംഗഡ് സിറ്റിയിലെ 17ാം വാർഡ് കൗൺസിലർ സാഹിബ് മാൻകയാണ് സ്ത്രീയെ ആക്രമിച്ചത്. മാൻകയുടെ സുഹൃത്തുമായി ബന്ധപ്പെട്ട് നേരത്തെ ബാനുവിനുണ്ടായിരുന്ന പ്രശ്‌നമാണ് മർദ്ദനത്തിലേക്ക് നയിച്ചത്. മാൻകയുടെ സുഹൃത്ത് ഷാരിഫിനെതിരെ ബാനു പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം. പച്ചക്കറി വാങ്ങാൻ നഗരത്തിലെ മാർക്കറ്റിൽ എത്തിയതായിരുന്നു ബാനു. ഈ സമയം അവിടെയെത്തിയ മാൻക പരാതി പിൻവലിക്കാൻ ബാനുവിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ബാനു ഇതിന് വിസമ്മതിച്ചു. ഇതോടെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
മാതാവിനെ മർദ്ദിക്കുന്നത് കണ്ട് തടയാൻ എത്തിയ മകളെയും ഇയാൾ മർദ്ദിച്ചു. സംഭവം കണ്ട നിന്ന ചിലർ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മാൻക അവിടെ നിന്നും വാഹനത്തിൽ കടന്നുകളയുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ബാനുവും മകളും ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. ഇതിന് പിന്നാലെ പോലീസ് സ്‌റ്റേഷനിൽ എത്തി പരാതിയും നൽകിയിട്ടുണ്ട്.
മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം താൻ അല്ല ആദ്യം മർദ്ദിച്ചത് എന്നും തന്നെയാണ് മർദ്ദിച്ചത് എന്നും മാൻക പറഞ്ഞു.
Discussion about this post