തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന ഹർജിയിൽ ലോകായുക്ത ഇന്ന് വിധി പറയും. വിധി എതിരായാൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്ക്കാൻ പിണറായി വിജയന് മേൽ സമ്മർദ്ദമുണ്ടാകും. വിചാരണ പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെതിരെ പരാതിക്കാരൻ രംഗത്തെത്തിയതോടെയാണ് ഇന്ന് രാവിലെ പത്തരയ്ക്ക് വിധി പറയാൻ തീരുമാനിച്ചത്.
മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന് ഏറെ നിർണായകമാണ് ലോകായുക്ത വിധി. മൂന്ന് സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ദുരിതാശ്വാസവിധി വകമാറ്റിയതെന്ന് ഹർജിക്കാരനായ ആർ.എസ്.ഹരികുമാർ ആരോപിക്കുന്നത്.
1. മുൻ എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് മരണാനന്തര സഹായമായി 25 ലക്ഷം രൂപ അനുവദിച്ചു.
2. അന്തരിച്ച ചെങ്ങന്നൂർ എം.എൽ.എ കെ.കെ..രാമചന്ദ്രൻ നായരുടെ മകന് ജോലിക്കൊപ്പം ഭാര്യയുടെ സ്വർണപ്പണയം വീട്ടാനും കാറിന്റെ വായ്പ അടയ്ക്കാനുമായി 8 ലക്ഷം രൂപ അനുവദിച്ചു.
3. മുൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയി വാഹനാപകടത്തിൽ മരിച്ച പോലീസുകാരന്റെ ഭാര്യയ്ക്ക് ജോലി നൽകിയതിനൊപ്പം 20 ലക്ഷം രൂപ ധനസഹായം നൽകി.
ഈ മൂന്ന് സഹായങ്ങളും ചട്ടങ്ങൾ പാലിക്കാതെയുള്ള അഴിമതിയും സ്വജനപക്ഷപാതവുമാണെന്നും, അതിനാൽ മന്ത്രിമാരിൽ നിന്ന് പണം തിരിച്ചു പിടിക്കണമെന്നുമാണ് പരാതി. മുഖ്യമന്ത്രി ഉൾപ്പെടെ 18 മന്ത്രിമാരും ചീഫ് സെക്രട്ടറിയുമാണ് എതിർ കക്ഷികൾ. പരാതി ലോകായുക്ത അംഗീകരിച്ചാൽ മുഖ്യമന്ത്രിയും ഒന്നാം പിണറായി സർക്കാരിന്റെ മന്ത്രിസഭയും പ്രതിക്കൂട്ടിലാകും. ജസ്റ്റിസുമാരായ സിറിയക് ജോസഫും ഹാറുൺ അൽ റഷീദും അടങ്ങിയ ബെഞ്ചാണ് വിധി പറയുന്നത്.
Discussion about this post