ബംഗളുരു: എംവി ഗോവിന്ദനെതിരെ നടത്തിയ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് സ്വപ്‌ന സുരേഷ്. ഗോവിന്ദൻ അയച്ച മാനനഷ്ട നോട്ടീസ് അസാധുവാണ്. ചില്ലിക്കാശ് പോലും നഷ്ടപരിഹാരമായി നൽകാൻ ഉദ്ദേശിച്ചിട്ടില്ലെന്നും സ്വപ്‌ന സുരേഷ് വക്കീൽ നോട്ടീസിന് നൽകിയ മറുപടിയിൽ വ്യക്തമാക്കി.
മാനനഷ്ട നോട്ടീസിൽ മാപ്പ് പറയാൻ ഉദ്ദേശിച്ചിട്ടില്ല. ഒരു കോടിയുടെ പത്ത് ശതമാനം കോടതി ഫീസ് കെട്ടി ഗോവിന്ദൻ കേസിന് പോകുമോ എന്ന് തനിക്കൊന്ന് കാണണം. ഗോവിന്ദൻ ആരാണെന്ന് പോലും തനിക്ക് അറിയില്ലായിരുന്നു. വിജേഷ് പിള്ളയാണ് ആദ്യം ഗോവിന്ദനെക്കുറിച്ച് പറഞ്ഞതെന്നും സ്വപ്‌ന പറഞ്ഞു.
എം വി ഗോവിന്ദൻ ആരാണെന്നോ പാർട്ടി പദവിയെക്കുറിച്ചോ തനിക്ക് അറിയില്ല. അതുകൊണ്ട് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന വാദം നിലവിൽക്കില്ല. വിജേഷ് പിള്ളയെ എം വി ഗോവിന്ദൻ അയച്ചു എന്ന് താൻ പറഞ്ഞിട്ടില്ല. തന്നെ എം വി ഗോവിന്ദൻ അയച്ചുവെന്ന് വിജേഷ് പിള്ള പറഞ്ഞതായാണ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞത്. അതുകൊണ്ടു തന്നെ നോട്ടീസിലെ വാദങ്ങൾ നിലനിൽക്കില്ല. ചില്ലിക്കാശ് പോലും നഷ്ടപരിഹാരത്തുക നൽകില്ലെന്നും സ്വപ്‌ന വ്യക്തനമാക്കി.








