ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാളിനും കുടുംബാംഗങ്ങൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ സർവീസ് നോട്ടീസ് അയച്ചു. ഡൽഹിയിലെ വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ഭാഗമായാണ് ഈ നടപടി. കേജ്‌രിവാളിന്റെ ഭാര്യ സുനിത, മകൻ പുൽകിത്, മാതാപിതാക്കളായ ഗോവിന്ദ് റാം, ഗീതാ ദേവി എന്നിവരുൾപ്പെടെ കുടുംബത്തിലെ അഞ്ച് അംഗങ്ങൾക്കാണ് നോട്ടീസ് ലഭിച്ചത്. മുൻ മുൻഗണനാ പട്ടികയുമായി വോട്ടർ വിവരങ്ങൾ നേരിട്ട് ബന്ധിപ്പിക്കപ്പെട്ടിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി.
ഈ നീക്കത്തിനെതിരെ രൂക്ഷമായ വിമർശനവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തി. കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന് ആപ്പ് ആരോപിച്ചു. ഡൽഹിയിൽ മൂന്ന് തവണ മുഖ്യമന്ത്രിയായ കേജ്‌രിവാളിന്റെയും കുടുംബത്തിന്റെയും പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് എങ്ങനെ ഒഴിവാക്കപ്പെടും എന്ന് പാർട്ടി നേതാക്കൾ ചോദ്യമുന്നയിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തങ്ങളെ പ്രതികൂലമായി ബാധിക്കാൻ ബിജെപി നടത്തുന്ന നീക്കമാണിതെന്നും ആപ്പ് കുറ്റപ്പെടുത്തി.
എന്നാൽ, ഇത് സാധാരണയായി നടക്കുന്ന വോട്ടർ പട്ടിക പുതുക്കൽ നടപടിക്രമം മാത്രമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ വ്യക്തമാക്കി. ന്യൂഡൽഹി മണ്ഡലത്തിലെ കെ.ജി മാർഗിലെ പാർട്ട്-51 വോട്ടർമാരിൽ ഉൾപ്പെട്ട 110 പേർക്ക് ഇതുപോലെ നോട്ടീസ് അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പ്രമുഖ നേതാക്കളുടെ വിവരങ്ങൾ പരിശോധിച്ച് വോട്ടർ പട്ടിക കൃത്യമാക്കാൻ ബൂത്ത് ലെവൽ ഓഫീസർമാർ കേജ്‌രിവാളിന്റെ വസതി സന്ദർശിച്ച് രേഖകൾ നേരിട്ട് പരിശോധിച്ച് പരിഹാരം കാണുമെന്നും അധികൃതർ അറിയിച്ചു.









