2024-ൽ തനിക്ക് ലഭിച്ച ടെസ്റ്റ് അരങ്ങേറ്റ സന്ദേശം രാഹുൽ ദ്രാവിഡിന്റേതാണെന്ന് തിരിച്ചറിയാതെ താൻ അവഗണിച്ചതായി ഇന്ത്യൻ പേസ് ബൗളർ ആകാശ് ദീപ് വെളിപ്പെടുത്തി. മത്സരത്തിന് തലേദിവസം രാഹുൽ ദ്രാവിഡ് അയച്ച സന്ദേശം നമ്പർ സേവ് ചെയ്യാത്തതിനാൽ ആദ്യം ശ്രദ്ധിച്ചിരുന്നില്ലെന്നും, പിന്നീട് സന്ദേശം വീണ്ടും പരിശോധിച്ചപ്പോഴാണ് കാര്യം മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു.
ഉടൻ തന്നെ ദ്രാവിഡിനെ വിളിച്ച് മാപ്പ് ചോദിച്ചതായും പഞ്ചായത് ആജ് തക് ബിഹാറിന് നൽകിയ അഭിമുഖത്തിൽ ആകാശ് ദീപ് വ്യക്തമാക്കി. 2024-ൽ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലായിരുന്നു ആകാശ് ദീപിന്റെ ടെസ്റ്റ് അരങ്ങേറ്റം. ആ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി അദ്ദേഹം മികവ് പുലർത്തിയിരുന്നു.
ബാറ്റിംഗിനേക്കാൾ തനിക്ക് ജീവിതത്തിൽ എല്ലാം നൽകിയ പന്തേറിനോടാണ് എക്കാലത്തും താൽപ്പര്യമെന്നും, ബൗളിംഗിനെ താൻ ഒരിക്കലും വഞ്ചിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്കിനെ തുടർന്ന് 2026-ലെ ഐ.പി.എൽ സീസൺ മുഴുവൻ നഷ്ടമായ താരം, തനിക്ക് അവസരം ലഭിക്കുമ്പോഴൊക്കെ ബാറ്റിംഗിലും ഉപകാരപ്രദമായ സംഭാവനകൾ നൽകാൻ ശ്രമിക്കാറുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.











