ന്യൂഡൽഹി; ചെടികളെ ബാധിക്കുന്ന ഫംഗസ് രോഗം മനുഷ്യനിൽ സ്ഥിരീകരിച്ചു. കൊൽക്കത്ത സ്വദേശിയായ 61 കാരനായ മൈക്കോളജിസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. സസ്യങ്ങളുമായി നിരന്തരം സമ്പർക്കം നടത്തിയിരുന്ന ഇദ്ദേഹത്തിന് കൂൺ അടക്കമുള്ള ചീയുന്ന വസ്തുക്കളിൽ പഠനം നടത്തിവരവെയാണ് രോഗം സ്ഥിരീകരിച്ചത്.
തൊണ്ടയടപ്പ്, ചുമ, തളർച്ച എന്നിവയുണ്ടായതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസത്തോളം ഇയാൾക്ക് ഭക്ഷണം ഇറക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. ഏത് ഫംഗസാണ് ബാധിച്ചതെന്ന് കണ്ടെത്താൻ സാധിച്ചില്ല. പ്രമേഹം, എച്ച്ഐവി അണുബാധ, വൃക്കസംബന്ധമായ രോഗം, ഏതെങ്കിലും വിട്ടുമാറാത്ത രോഗം, പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്ന് കഴിക്കൽ എന്നിവ ഇല്ലാത്തതിനാൽ വിശദമായ പരിശോധന നടത്തി.
ഇതിന് പിന്നാലെയാണ് രോഗിയെ ബാധിച്ചത് സസ്യ ഫംഗസായ കോൺഡ്രോസ്റ്റിറം പർപ്യുറം എന്ന ഫംഗസ് ആകാനാണ് സാധ്യതയെന്ന് കൊൽക്കത്ത അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാരായ സോമ ദത്ത, ഉജ്ജയിനി റേ എന്നിവർ അറിയിച്ചത്. ഇലകൾക്ക് വെള്ള നിറം വരുത്തുന്ന രോഗം പടർത്തുന്ന ഫംഗസാണിത്. പ്രധാനമായും റോസ് കുടുംബത്തിലെ ചെടികളെയാണ് ഇത് ബാധിക്കുന്നത്.
കൂടുതൽ പരീക്ഷണങ്ങളിലൂടെയേ മനുഷ്യനിൽ രോഗാവസ്ഥ സ്ഥിരീകരിക്കാൻ സാധിക്കൂ. ചെടിയിലെ ഫംഗസ് മനുഷ്യനിൽ രോഗം ഉണ്ടാക്കുന്നത് ആദ്യത്തെ സംഭവമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കഴുത്തിൽ ചെറിയ കുരുക്കളായാണ് രോഗം ബാധിച്ചത്.
Discussion about this post