ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ വീണ്ടും ക്ഷേത്രത്തിന് നേരെ അതിക്രമം. ഹിന്ദ്പൂരിലെ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ നന്ദി വിഗ്രഹം അക്രമികൾ കവർച്ച ചെയ്തു. ക്ഷേത്രം അധികൃതരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയോടെയാണ് മോഷണം ഉണ്ടായത് എന്നാണ് വിവരം. രാവിലെ പൂജയ്ക്കായി എത്തിയ പൂജാരി ക്ഷേത്രം തുറന്നപ്പോഴാണ് നന്ദി വിഗ്രഹം മോഷ്ടിക്കപ്പെട്ടതായി കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ക്ഷേത്രത്തിൽ പരിശോധന നടത്തി. ക്ഷേത്ര അധികൃതരിൽ നിന്നും മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസമായി ക്ഷേത്രത്തിലെ സിസിടിവി ക്യാമറകൾ തകരാറിലാണ്. ഇക്കാര്യം അറിയുന്ന ആരോ ആണ് മോഷണത്തിന് പിന്നിൽ എന്നാണ് സംശയിക്കുന്നത്. പ്രതിയ്ക്കായി പ്രദേശത്തെ സിസിടിവി ക്യാമറകൾ പോലീസ് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ഗുണ്ടൂർ ജില്ലയിലെ വിനായക ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി അജ്ഞാത സംഘം വിഗ്രഹങ്ങൾ അടിച്ചു തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു സംഭവവും ഉണ്ടാകുന്നത്.
Discussion about this post