തിരുവനന്തപുരം; ശമ്പള രഹിത സേവനം 41 ാം ദിവസമെന്ന് പോസ്റ്റർ എഴുതി യൂണിഫോമിൽ പിൻ ചെയ്ത വനിതാ കണ്ടക്ടറെ സ്ഥലം മാറ്റാൻ തീരുമാനമെടുത്ത കെഎസ്ആർടിസി മാനേജ്‌മെന്റിന് ശക്തമായ താക്കീത് നൽകി കെഎസ്ടി എംപ്ലോയീസ് സംഘ്. ഗഢുക്കളായി ശമ്പളം ഞങ്ങൾക്ക് വേണ്ടെന്ന ബാഡ്ജ് യൂണിഫോമിൽ പിൻ ചെയ്തുവെച്ചാണ് കെഎസ്ടി എംപ്ലോയീസ് സംഘിലെ അംഗങ്ങൾ ജോലിക്ക് എത്തിയത്.
സംഘടനയുടെയും പൊതുസമൂഹത്തിന്റെയും ശക്തമായ പ്രതിഷേധങ്ങളുടെയും ജനരോഷത്തിന്റെയും പശ്ചാത്തലത്തിൽ വനിതാ കണ്ടക്ടർക്കെതിരായ അച്ചടക്ക നടപടി കെഎസ്ആർടിസി പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശമ്പളം ചോദിക്കുന്ന ജീവനക്കാർക്കെതിരെ അധികാരത്തിന്റെ ധാർഷ്ട്യം കാട്ടുന്ന കെഎസ്ആർടിസി മാനേജ്‌മെന്റിന് താക്കീതായി കെഎസ്ടി എംപ്ലോയീസ് സംഘ് വീണ്ടും പ്രതിഷേധം സംഘടിപ്പിച്ചത്.
മുഴുവൻ ജോലിക്ക് മുഴുവൻ കൂലിയെന്നും ബാഡ്ജിൽ എഴുതിയിരുന്നു. വിവിധ ഡിപ്പോകളിൽ കെഎസ്ടി എംപ്ലോയീസ് സംഘിന്റെ പ്രവർത്തകർ പ്രതിഷേധങ്ങളിൽ ഭാഗമായി. കഴിഞ്ഞ ദിവസം തൊഴിലാളി സംഘടനകളെ ഒറ്റയ്‌ക്കൊറ്റയ്ക്ക് വിളിച്ച് ചർച്ച നടത്താൻ മാനേജ്‌മെന്റ് നടത്തിയ നീക്കത്തെയും കെഎസ്ടി എംപ്ലോയീസ് സംഘ് എതിർത്തിരുന്നു.












