ന്യൂഡൽഹി: ബിജെപി ഭരണത്തിൽ ക്രൈസ്തവർ സന്തുഷ്ടരാണെന്ന് സിറോ മലബാർ സഭാ മേധാവി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. അതുകൊണ്ടുതന്നെ കേരളത്തിൽ ബിജെപിയോട് കൂടുതൽ അടുപ്പം കാണിക്കുന്നു. ഇത് സ്വാഭാവികമാണെന്നും അദ്ദേഹം ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
മോദി ഒരു നല്ല നേതാവാണ്. തന്റെ നേതൃത്വം കൂടുതൽ മികച്ചതാക്കാൻ അദ്ദേഹം എല്ലായ്‌പ്പോഴും പരിശ്രമിക്കുന്നുണ്ട്. ഇതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. ആരുമായും ഏറ്റുമുട്ടാൻ ആഗ്രഹിക്കാത്ത വ്യക്തിയാണ് പ്രധാനമന്ത്രി. പകരം അദ്ദേഹത്തിന് ഇഷ്ടം സൗഹൃദമാണ്. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് ഇന്ത്യയിൽ സുരക്ഷിതത്വ ബോധമുണ്ടെന്നും ജോർജ് ആലഞ്ചേരി കൂട്ടിച്ചേർത്തു.
ബിജെപി ഭരിക്കുമ്പോൾ അരക്ഷിതാവസ്ഥയില്ല. ക്രൈസ്തവർ വളരെ സന്തുഷ്ടരാണ്. ബിജെപി അധികാരത്തിൽ വന്നാൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുമെന്നാണ് പൊതുവെയുള്ള പ്രചാരണം. ഇത് എന്തുകൊണ്ടാണെന്ന് അറിയില്ല. മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ അവർ അടക്കിവാഴുകയും മറ്റ് മതങ്ങളെ ആക്രമിക്കുന്നതുമാണ് രീതി. ഹിന്ദുക്കൾ ഭരണത്തിലേറിയാൽ ഇത് പോലെ തന്നെ ചെയ്യുമെന്നാണ് ന്യൂനപക്ഷം കരുതുന്നത്. ഇതാണ് വ്യാജ പ്രചാരണങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനോട് ക്രിസ്ത്യൻ സമുദായത്തിന് ഉണ്ടായിരുന്ന താത്പര്യം കുറഞ്ഞു. കോൺഗ്രസ് സ്വീകരിച്ച തെറ്റായ നയങ്ങളാണ് ഇതിന് കാരണമായത്. ഇതിനിടെ കുറേപേർ മികച്ച തീരുമാനം എന്ന നിലയിൽ ഇടത് പക്ഷത്തോടൊപ്പം പോയെന്നും അദ്ദേഹം പ്രതികരിച്ചു.









