ന്യൂഡൽഹി: ‘ബ്രഹ്മൻ’ എന്ന വാക്ക് ‘അബ്രാം’ എന്നതിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്നും, ബ്രാഹ്മണർ ഇബ്രാഹിമിന്റെ വംശപരമ്പരയാണെന്നും അവകാശപ്പെടുന്ന വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിൽ ക്ഷമാപണവുമായി ഗായകൻ ലക്കി അലി. ലക്കി അലി. പോസ്റ്റിനെതിരെ വലിയ തോതിൽ പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെ ലക്കി അലി ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇയാൾക്കെതിരായ വിമർശനം തുടരുകയായിരുന്നു. പിന്നാലെയാണ് ലക്കി അലി ക്ഷമാപണം നടത്തി രംഗത്തെത്തിയത്.
ആരേയും വേദനിപ്പിക്കുക ആയിരുന്നില്ല ലക്ഷ്യമെന്നും, എല്ലാവരേയും ഒരുമിപ്പിക്കാനാണ് താൻ ശ്രമിച്ചതെന്നുമാണ് ലക്കി അലി ക്ഷമാപണക്കുറിപ്പിൽ പറയുന്നത്. ” എന്റെ ഫെയ്സ്ബുക്ക് കുറിപ്പിന് പിന്നിലെ പ്രശ്നം ഞാൻ മനസിലാക്കുന്നു. ആരേയും വേദനിപ്പിക്കാനോ ദേഷ്യം ഉണ്ടാക്കാനോ ആയിരുന്നില്ല എന്റെ ശ്രമം. അതിൽ ഞാൻ ഖേദിക്കുകയാണ്.
എല്ലാവരേയും തമ്മിൽ അടുപ്പിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം. എന്നാൽ കാര്യങ്ങൾ ഞാൻ ഉദ്ദേശിച്ച രീതിയിലല്ല നടന്നത്. ഹിന്ദു സഹോദരീസഹോദരന്മാരെ വിഷമിപ്പിച്ചതിനാൽ ഇനി എന്റെ തുടർന്നുള്ള പോസ്റ്റുകളിൽ ഞാൻ ശ്രദ്ധാലുവായിരിക്കും. മുൻ പോസ്റ്റിൽ ഞാൻ ഖേദം പ്രകടിപ്പിക്കുകയാണ്. ഞാൻ എല്ലാവരേയും സ്നേഹിക്കുന്നുണ്ട്” എന്നാണ് ലക്കി അലിയുടെ കുറിപ്പ്.
” ബ്രാഹ്മണൻ എന്ന പേര് ബ്രഹ്മയിൽ നിന്നാണ് ഉണ്ടായത്. ബ്രഹ്മ എന്നത് അബ്രാം എന്നതിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. എല്ലാ രാജ്യങ്ങളുടേയും പിതാവായ ഇബ്രഹിം അലൈഹിസലാമിന്റെ വംശപരമ്പരയാണ് ബ്രാഹ്മണരും. പിന്നെ എന്തിനാണ് എല്ലാവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്” എന്നായിരുന്നു ലക്കി അലിയുടെ വിവാദമായ ഫെയ്സ്ബുക്ക് കുറിപ്പ്.
Discussion about this post