പാകിസ്താനിൽ ആഭ്യന്തര സുരക്ഷാ സാഹചര്യം പൂർണ്ണമായും കൈവിട്ടുപോകുന്നു. ഈ വർഷം ആദ്യ ഒമ്പത് മാസത്തിനിടെ മാത്രം രാജ്യത്ത് ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ദക്ഷിണ ഏഷ്യൻ ഭീകരവിരുദ്ധ പോർട്ടലായ സാത്‌പി (SATP) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2000-ത്തിന് ശേഷം പാകിസ്താൻ സൈന്യവും പോലീസും നേരിടുന്ന ഏറ്റവും ഭീകരമായ അവസ്ഥയാണിത്.
2026 ജനുവരി 1 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ ആയിരത്തിലധികം അക്രമ സംഭവങ്ങളാണ് പാകിസ്താനിൽ റിപ്പോർട്ട് ചെയ്തത്. ഇക്കാലയളവിൽ 650-ലധികം സാധാരണക്കാരും കൊല്ലപ്പെട്ടു. പാകിസ്താൻ സൈന്യം, ഫ്രോണ്ടിയർ കോർപ്സ് (FC), പോലീസ് എന്നിവയിലെ ആയിരത്തോളം ജീവനക്കാരുടെ ജീവനാണ് നഷ്ടപ്പെട്ടത്. 2009-നും 2025-നും ശേഷം പാകിസ്താൻ സൈന്യത്തിന് ഏറ്റവും കൂടുതൽ ആളപായം നേരിടേണ്ടി വന്ന വർഷമായി 2026 മാറിക്കഴിഞ്ഞു.
ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളാണ് ഭീകരാക്രമണങ്ങളുടെ പ്രധാന കേന്ദ്രങ്ങൾ. ഈ മേഖലകളിൽ സൈനിക താവളങ്ങൾക്കും വാഹനവ്യൂഹങ്ങൾക്കും നേരെയും സർക്കാർ സ്ഥാപനങ്ങൾക്കും നേരെയും വിമത സംഘങ്ങൾ തുടർച്ചയായി കനത്ത ആക്രമണമാണ് നടത്തുന്നത്. ആഗസ്റ്റ് മാസത്തിൽ മാത്രം 190-ലധികം ആക്രമണങ്ങളാണ് നടന്നത്.
2021-ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെയാണ് പാകിസ്താനിൽ തെഹ്രീകെ താലിബാൻ പാകിസ്താൻ (TTP) പ്രവർത്തനം ശക്തമാക്കിയത്. പാകിസ്ഥാനിലെ പഷ്തൂൺ മേഖലകളെ ഒന്നിച്ചുചേർക്കാനും ഖൈബർ പഖ്തൂൺഖ്വയിൽ ശരീഅത്ത് ഭരണം നടപ്പിലാക്കാനുമാണ് ടിടിപി ലക്ഷ്യമിടുന്നത്. ഇതിനൊപ്പം വിഭവസമൃദ്ധമായ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബലൂച് വിമതരും വലിയ തോതിലുള്ള ആക്രമണങ്ങളാണ് അഴിച്ചുവിടുന്നത്. പ്രധാന റെയിൽവേ ശൃംഖലയായ ജാഫർ എക്സ്പ്രസ്, റോഡ് ഗതാഗതം, സൈനിക ഇൻഫ്രാസ്ട്രക്ചർ എന്നിവയ്ക്ക് നേരെ ഐഇഡി (IED) സ്ഫോടനങ്ങളും മിന്നലാക്രമണങ്ങളുമാണ് ഇവർ നടത്തുന്നത്. ഒന്നിലധികം വശങ്ങളിൽ നിന്ന് ഒരേസമയം ഭീകരാക്രമണം നേരിടേണ്ടി വരുന്നത് ഇസ്ലാമാബാദിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.










