കണ്ണൂർ: സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിലുണ്ടായ കലാപത്തിൽ കൊല്ലപ്പെട്ട കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ടിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ബിജെപി നേതാക്കൾ. വിഷയത്തിൽ ആൽബർട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാക്കൾ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് സുഡാനിൽ ആൽബർട്ട് കൊല്ലപ്പെട്ടത്. ബിജെപി സംസ്ഥാന സമിതി അംഗം എപി ഗംഗാധരൻ, മേഖലാ ഉപാധ്യക്ഷ ആനിയമ്മ രാജേന്ദ്രൻ മണ്ഡലം പ്രസിഡന്റ് പിബി റോയ്, ജനറൽ സെക്രട്ടറി പിഡി ജയലാൽ, സെൽ കോർഡിനേറ്റർ ശ്രീനാഥ് എസ്, മുൻ നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജെ മാത്യു എന്നിവരാണ് ആൽബർട്ടിന്റ വീട്ടിലെത്തിയത്.
സുഡാനിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനമായ ഖാർത്തൂമിൽ ഉൾപ്പെടെ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വീടിനുളളിൽ തന്നെ കഴിയണമെന്നും ഇന്ത്യൻ എംബസി നിർദ്ദേശിച്ചിരുന്നു. ഉന്നംതെറ്റിയെത്തിയ വെടിയുണ്ടയാണ് ആൽബർട്ടിന്റെ ജീവൻ കവർന്നതെന്ന് എംബസി വ്യക്തമാക്കിയിരുന്നു.
കേന്ദ്രമന്ത്രി വി. മുരളീധരൻ കുടുംബാംഗങ്ങളെ നേരിട്ട് വിളിക്കുകയും ആശ്വസിപ്പിക്കുകയും വേണ്ട എല്ലാ സഹായങ്ങളും ചെയ്യാമെന്ന് ഉറപ്പു കൊടുക്കുകയും ചെയ്തിട്ടുണ്ട്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ തുടരുകയാണ്.
Discussion about this post