ലണ്ടൻ: ബ്രിട്ടനിൽ ഹിന്ദുവിരുദ്ധത ശക്തിപ്രാപിക്കുന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്. ഹെന്റി ജാക്‌സൺ സൊസൈറ്റി നടത്തിയ പഠനത്തിലാണ് ഹിന്ദു വിദ്യാർത്ഥികൾ നേരിടുന്ന വിവേചനം വെളിപ്പെടുന്നത്. ഹിന്ദു വിദ്യാർത്ഥികളെ പാക് വംശജരായ മുസ്ലീം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വംശീയമായി അധിക്ഷേപിക്കുകയും വിവേചനം ഒഴിവാക്കാൻ ഇസ്ലാം മതം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
മതപരിവർത്തനത്തിന് നിർബന്ധിക്കുന്നതിന് പുറമേ,തീവ്ര ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ വീഡിയോകൾ കാണാനും ഹിന്ദു വിദ്യാർത്ഥികൾ നിർബന്ധിതരാകുന്നു. ഹിന്ദു വിദ്യാർത്ഥികളെ വെള്ളക്കാരായ കുട്ടികൾ ‘പാകി’ എന്ന് വിളിക്കാറുണ്ടെന്നും ബ്രിട്ടീഷ് സ്‌കൂളുകളിൽ ഹിന്ദു വിരുദ്ധ അധിക്ഷേപങ്ങൾ പതിവാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഏകദേശം 988 ഹിന്ദുരക്ഷിതാക്കളോട് സംസാരിച്ചും 1,000 ലധികം ബ്രിട്ടീഷ് സ്‌കൂളുകളിൽ പഠനം നടത്തിയുമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സർവേയിൽ പങ്കെടുത്ത 51% ഹിന്ദുമതവിശ്വാസികളായ രക്ഷിതാക്കളും തങ്ങളുടെ കുട്ടികൾ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പീഡനത്തിന് ഇരയായതായി വെളിപ്പെടുത്തി. ബീഫ് ഉൾപ്പെടെ ദേഹത്തേക്ക് എറിഞ്ഞാണ് സഹപാഠികളായ മുസ്ലീം വിദ്യാർത്ഥികൾ ഇന്ത്യൻ-വംശജരായ കുട്ടികളെ അധിക്ഷേപിക്കുന്നത്.
ഹിന്ദു വിദ്യാർത്ഥികളെ അവരുടെ സസ്യാഹാരശൈലി ചൂണ്ടിക്കാട്ടി പരിഹസിക്കുക, ദൈവങ്ങളെ അപമാനിക്കുക, അപകീർത്തികരമായ പരാമർശങ്ങൾ നടത്തുക മുതലായവയാണ് ചെയ്യുന്നത്. കാഫിറെന്ന് വിശേഷിപ്പിച്ച് നരകം അല്ലെങ്കിൽ ഇസ്ലാമെന്ന് പറഞ്ഞാണ് പലരെയും ഭീഷണിപ്പെടുത്തുന്നത്. സ്വർഗത്തിലെത്തണമെങ്കിൽ ഇസ്ലാമിലേക്ക് വരേണ്ടി വരും, ഹിന്ദുവായി അധികകാലം അതിജീവിക്കാൻ കഴിയില്ലെന്നും മുസ്ലീം വിദ്യാർത്ഥികൾ ആക്രോശിക്കുന്നു.
യേശു നിങ്ങളുടെ ദൈവങ്ങളെ നരകത്തിലേക്ക് അയക്കും എന്ന രീതിയിൽ പരാമർശം നടത്തി ക്രിസ്ത്യൻ വിദ്യാർത്ഥികളിൽ നിന്ന് ഉൾപ്പെടെ വിവേചനം നേരിടുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്ത രക്ഷിതാക്കളിൽ 15 ശതമാനം മാത്രമാണ് സ്‌കൂളുകൾ ഹിന്ദു വിരുദ്ധ സംഭവങ്ങളെ വേണ്ടത്ര കൈകാര്യം ചെയ്യുന്നതെന്ന് വിശ്വസിക്കുന്നു.









