യുദ്ധത്തിൽ അമേരിക്കയുടെ ഇതുവരെയുള്ള യുദ്ധച്ചെലവ് 37.5 ബില്യൺ ഡോളർ കടന്നതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് വെളിപ്പെടുത്തിയത് ആഗോളതലത്തിൽ വൻ നടുക്കമുണ്ടാക്കുന്നു. കഴിഞ്ഞ മെയ് മാസത്തിൽ കണക്കാക്കിയ തുകയേക്കാൾ എട്ട് ബില്യൺ ഡോളറിന്റെ ഭീമമായ വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. യുദ്ധമുഖത്തെ സൈനിക നീക്കങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി അടിയന്തരമായി 87 ബില്യൺ ഡോളറിന്റെ അധിക ഫണ്ട് അനുവദിക്കണമെന്ന് പീറ്റ് ഹെഗ്‌സെത് സെനറ്റ് അപ്രോപ്രിയേഷൻസ് കമ്മിറ്റിക്ക് മുന്നിൽ ആവശ്യപ്പെട്ടു.
ഇതിൽ 67 ബില്യൺ ഡോളറും ഗൾഫ് മേഖലയിലെ സജീവമായ സൈനിക വിന്യാസങ്ങൾക്കായി നേരിട്ട് ഉപയോഗിക്കുമെന്നാണ് പെന്റഗണിന്റെ വിശദീകരണം. ലോകം അതീവ അപകടകരമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, ശത്രുരാജ്യങ്ങളേക്കാൾ യുഎസ് സൈന്യം പിന്നോട്ട് പോകാതിരിക്കാൻ ഈ ഫണ്ട് അനിവാര്യമാണെന്നും ഹെഗ്‌സെത് വാദിച്ചു. ഈ തുക അനുവദിച്ചില്ലെങ്കിൽ സൈനികർക്ക് ശമ്പളം നൽകുന്നതിനും ആയുധങ്ങളും യുദ്ധോപകരണങ്ങളും അതിവേഗം പുനഃസ്ഥാപിക്കുന്നതിനും കടുത്ത പ്രതിസന്ധി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എന്നാൽ ഭീമമായ തുക യുദ്ധത്തിനായി ചോദിച്ചുകൊണ്ടുള്ള പെന്റഗണിന്റെ ഈ നീക്കത്തിനെതിരെ ഡെമോക്രാറ്റിക് സെനറ്റർമാർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കമ്മിറ്റി യോഗം വലിയ പോർവിളികൾക്കും തർക്കങ്ങൾക്കും വേദിയായി മാറി. ഡൊണാൾഡ് ട്രംപ് ഭരണകൂടം അമേരിക്കയെ മറ്റൊരു അനന്തമായ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും, സാധാരണക്കാരായ അമേരിക്കൻ ജനത കടുത്ത വിലക്കയറ്റത്തിൽ നടുവൊടിയുമ്പോൾ ട്രംപിന് ബോംബുകൾ വാങ്ങാൻ അൺലിമിറ്റഡ് പണം നൽകാനാകില്ലെന്നും ഡെമോക്രാറ്റിക് അംഗങ്ങൾ തുറന്നടിച്ചു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് ഒരു കടുത്ത പരാജയമാണെന്നും സൈനികരെ മരണമുഖത്തേക്ക് തള്ളിവിട്ട് ഭരണകൂടം പരാജയ തന്ത്രമാണ് പയറ്റുന്നതെന്നും ഡെമോക്രാറ്റിക് സെനറ്റർ ഗാരി പീറ്റേഴ്‌സ് കുറ്റപ്പെടുത്തി.
ഇതിന് മറുപടിയായി യുദ്ധക്കളത്തിലെ സൈനികരെ പിന്തുണയ്ക്കാത്ത നിങ്ങൾ ലജ്ജിക്കണമെന്നും, ഡെമോക്രാറ്റുകൾക്ക് ട്രംപ് വിരോധം മൂത്ത ഭ്രാന്താണെന്നും ഹെഗ്‌സെത് തിരിച്ചടിച്ചതോടെ സെനറ്റിൽ വൻ വാഗ്വാദമാണ് ഉടലെടുത്തത്. യുദ്ധത്തിന്റെ യഥാർത്ഥ ചെലവ് പെന്റഗൺ പുറത്തുവിട്ട കണക്കുകളേക്കാൾ വളരെ കൂടുതലാണെന്നും തകർന്ന യുഎസ് സൈനിക താവളങ്ങളുടെ പുനർനിർമ്മാണച്ചെലവ് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഡെമോക്രാറ്റിക് വൃത്തങ്ങൾ ആരോപിക്കുന്നു.
സെനറ്റിൽ വാദപ്രതിവാദങ്ങൾ കൊടുമ്പിരിക്കൊള്ളുന്നതിനിടയിലും ഇറാൻ തലസ്ഥാനമായ ടെഹ്‌റാനെ ലക്ഷ്യമിട്ട് അമേരിക്ക തുടർച്ചയായ പതിനൊന്നാം രാത്രിയിലും അതിശക്തമായ വ്യോമാക്രമണം അഴിച്ചുവിട്ടു. ബുഷെറിലെ ഇറാന്റെ ആണവോർജ്ജ നിലയത്തിന് സമീപവും ടെഹ്‌റാന്റെ കിഴക്കും പടിഞ്ഞാറുമുള്ള തന്ത്രപ്രധാന മേഖലകളിലും യുഎസ് ബോംബറുകൾ നാശം വിതച്ചതായാണ് റിപ്പോർട്ടുകൾ. ഇറാന്റെ തിരിച്ചടി ഭയക്കാതെ ആക്രമണം തുടരുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാനെതിരെയുള്ള യുദ്ധം ഒട്ടും അവസാനിച്ചിട്ടില്ലെന്നും തങ്ങളുടെ അടുത്ത ലക്ഷ്യം നടാൻസിന് സമീപമുള്ള ‘പിക്കാക്സ്’ പർവതനിരകളിലെ ഭൂഗർഭ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമാണെന്നും കടുത്ത മുന്നറിയിപ്പ് നൽകി. തങ്ങൾ ഇപ്പോൾ പിന്മാറിയാൽ പോലും ഇറാന് പഴയ നിലയിലേക്ക് തിരിച്ചെത്താൻ ഇരുപത്തഞ്ചോളം വർഷങ്ങൾ വേണ്ടിവരുമെന്നും, ലക്ഷ്യം പൂർണ്ണമായി കാണാതെ അമേരിക്കൻ സൈന്യം ഇറാനിൽ നിന്ന് മടങ്ങില്ലെന്നും ട്രംപ് പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യൻ യുദ്ധം കൂടുതൽ ഭീതിദമായ ഘട്ടത്തിലേക്ക് നീങ്ങുകയാണ്.








