ഗോൾഡൻ ഗ്ലോബ് റേസ് മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ വനിതാ താരം കിഴ്സറ്റൻ നോയിഷെയ്ഫർ ഒന്നാമതായി ഫിനിഷ് ചെയ്തു. ഇന്ത്യൻ സമയം ഇന്നലെ അർദ്ധരാത്രിയോടെയാണ് 39കാരിയായ കിഴ്സറ്റൻ നോയിഷെയ്ഫറിന്റെ പായ്വഞ്ചി മിനേഹാഹ തീരത്തെത്തിയത്. ഗോൾഡൻ ഗ്ലോബ് റേസിൽ ഇതാദ്യമായിട്ടാണ് ഒരു വനിത ഒന്നാമതായി മത്സരം ഫിനിഷ് ചെയ്യുന്നത്.
മലയാളി നാവികൻ അഭിലാഷ് ടോമി നാളെ രാവിലെയോടെ ഫിനിഷ് ചെയ്യുമെന്നാണ് അധികൃതർ പറയുന്നത്. മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയൻ നാവികനായ മൈക്കൻ ഗുഗൻബർഗർ ഫിനിഷിംഗ് ലൈനിൽ നിന്നും 1790 നോട്ടിക്കൽ മൈൽ പിന്നിലാണ്. 16 മത്സരാർത്ഥികൾ മാറ്റുരച്ച ഗോൾഡൻ ഗ്ലോബ് റേസിൽ അഭിലാഷ് ഉൾപ്പെടെ മൂന്ന് പേർ മാത്രമാണ് അന്തിമഘട്ടത്തിൽ എത്തിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഗോൾഡൻ ഗ്ലോബ് റേസിന്റെ പോഡിയത്തിൽ ഇടം നേടുന്നത്.
എട്ട് മാസത്തോളം നീണ്ട ഏകാന്ത യാത്രയ്ക്കാണ് നാളെ അവസാനമാകുന്നത്. കഴിഞ്ഞ സെപ്തംബർ നാലിനാണ് മത്സരം ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും കടുപ്പമേറിയ യാച്ച് റേസുകളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് ഗോൾഡൻ ഗ്ലോബ് റേസ്. 1968ൽ നിലവിലുണ്ടായിരുന്ന ആശയ വിനിമയ സങ്കേതങ്ങളുപയോഗിച്ച് ഒറ്റയ്ക്ക് പായ് വഞ്ചിയിൽ ലോകം ചുറ്റിവരികയെന്നതാണ് മത്സരം.
Discussion about this post