ന്യൂഡൽഹി: ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്ക് ഡൽഹി കോടതി ജാമ്യം നിഷേധിച്ചു. അന്വേഷണത്തിന് താൻ കസ്റ്റഡിയിൽ തുടരേണ്ടത് ആവശ്യമില്ലെന്ന സിസോദിയയുടെ വാദം പ്രത്യേക ജഡ്ജി എം കെ നാഗ്പാൽ അംഗീകരിച്ചില്ല.
കേസ് അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിലാണെന്ന് ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ഇഡി കോടതിയിൽ വാദിച്ചു. മദ്യനയത്തിന് അംഗീകാരം ലഭിച്ചു എന്ന തരത്തിൽ സിസോദിയ വ്യാജ ഇമെയിലുകൾ തയ്യാറാക്കിയിരുന്നതായി ഇഡി വിശദീകരിച്ചു. കുറ്റകൃത്യത്തിൽ സിസോദിയയുടെ പങ്ക് സാധൂകരിക്കുന്ന പുതിയ തെളിവ് തങ്ങളുടെ പക്കലുണ്ടെന്നും ഇഡി കോടതിയെ ബോദ്ധ്യപ്പെടുത്തി.
മാർച്ച് 9നാണ് ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ ഇഡി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. നേരത്തേ, മാർച്ച് 31ന് കേസ് പരിഗണിച്ചപ്പോഴും കോടതി സിസോദിയയുടെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. കേസിൽ സിസോദിയ അഴിമതി നടത്തിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ കോടതി അംഗീകരിച്ചിരുന്നു. ഈ ഘട്ടത്തിൽ സിസോദിയക്ക് ജാമ്യം നൽകിയാൽ അത് കേസിന്റെ അന്വേഷണ പുരോഗതിയെ ദോഷകരമായി ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Leave a Comment