ന്യൂഡൽഹി : സുധീപ്‌തോ സെൻ സംവിധാനം ചെയ്ത ദി കേരള സ്‌റ്റോറി എന്ന സിനിമയ്‌ക്കെതിരെ പ്രതിഷേധങ്ങൾ കനക്കുകയാണ്. മെയ് 5 ന് റിലീസാകാനിരിക്കെ കേരളത്തിലെ ഇടത് നേതാക്കൾ സിനിമ നിരോധിക്കണമെന്ന ആവശ്യവുമായാണ് രംഗത്തെത്തുന്നത്. ഇതിനിടെ ചിത്രത്തിന്റെ ഉള്ളടക്കം വിശദീകരിച്ചുകൊണ്ട് രംഗത്തെത്തുകയാണ് സംവിധായകനും നിർമ്മാതാവും.
ഇത് തീവ്രവാദികളെ ലക്ഷ്യമിടുന്ന സിനിമയാണെന്നും മുസ്ലീങ്ങൾക്കെതിരെ ഒന്നും പറയുന്നില്ലെന്നും സംവിധായകൻ പറഞ്ഞു. മാസങ്ങളെടുത്ത് വിശദമായ പഠനത്തിനൊടുവിലാണ് ചിത്രം സംവിധാനം ചെയ്തത്. ആദ്യമൊന്നും സിനിമയ്ക്ക് നിർമ്മാതാവിനെ ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
” സിനിമയിൽ കേരളത്തിന് എതിരായി ഒന്നും പറഞ്ഞിട്ടില്ല, അപകീർത്തികരമായ ഒന്നും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. സിനിമ ലക്ഷ്യമിടുന്നത് തീവ്രവാദികളെയാണ്, മുസ്ലീങ്ങളെയല്ല, കേരള മുഖ്യമന്ത്രി സിനിമ കാണണം” നിർമ്മാതാവ് വിപുൽ ഷാ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ തട്ടകമായ കണ്ണൂരിൽ ഷൂട്ടിങ്ങിനിടെയാണ് സിനിമാ സംഘത്തിന് നേരെ ആക്രമണമുണ്ടായി എന്നും സിനിമയിൽ അഭിനയിച്ചതിന് ആദാ ശർമയ്ക്ക് നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായും സംവിധായകൻ വെളിപ്പെടുത്തി. ഒന്നും അറിയാതെ തീരുമാനമെടുക്കുന്നതിന് മുൻപ് എല്ലാവരും പോയി സിനിമ കാണണമെന്നും സംവിധായകൻ അപേക്ഷിച്ചു.
Discussion about this post