തിരുവനന്തപുരം: സന്ദീപാനാന്ദഗിരിയുടെ ഹോം സ്‌റ്റേയ്ക്ക് തീവെച്ച സംഭവത്തിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ഗിരികുമാറിനെ പോലീസ് കളളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് ആരോപണം. യാതൊരു തെളിവുകളുമില്ലാതെയാണ് ഗിരികുമാറിനെ പോലീസ് പിടികൂടിയിരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകർ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി. വൈകിട്ട് സെക്രട്ടറിയേറ്റ് മാർച്ചും നടക്കും.
സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണ് ഗിരികുമാർ എന്നും എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്ന് ചോദിക്കുമ്പോൾ പോലീസ് കൈമലർത്തുകയാണെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. ഏത് സാഹചര്യത്തിലാണ് ഗിരിയെ അറസ്റ്റ് ചെയ്തതെന്ന് പോലും ക്രൈംബ്രാഞ്ചിന് വിശദീകരിക്കാനാകുന്നില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് ബിജെപിയുടെ വളർച്ച തടയാനും ഗിരികുമാറിനെ കളങ്കിതനാക്കി മാറ്റാനും പോലീസിനെ കൂട്ടുപിടിച്ച് സിപിഎം നടത്തുന്ന നീക്കമാണിതെന്നും നേതാക്കൾ ആരോപിച്ചു.
ഒരു കേസിലും അദ്ദേഹം പ്രതിയായിരുന്നില്ല. തിരുവനന്തപുരം നഗരസഭയിൽ മേയർക്കെതിരെ ഏറ്റവും ശക്തമായ ആരോപണം ഉന്നയിച്ചത് ഗിരികുമാർ ആണ്. കോർപ്പറേഷനിൽ മാർക്‌സിസ്റ്റ് പാർട്ടിയുടെയും മേയറുടെയും പരാജയം മറച്ചുവെയ്ക്കാനാണ് ബിജെപി നേതാക്കളെ കളളക്കേസിൽ കുടുക്കുന്നത്. സംഭവത്തിൽ ശക്തമായ പ്രതിഷേധമുയർത്തുമെന്നും നിയമപരമായും മുന്നോട്ടുപോകുമെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.
Discussion about this post