ബംഗളൂരു: ന്യുമോണിയ ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ നിന്നും മാറ്റി. നിലവിൽ ബംഗളൂരുവിലെ ഹെൽത്ത് കെയർ ആശുപത്രിയിലാണ് ഉമ്മൻ ചാണ്ടി ചികിത്സയിൽ കഴിയുന്നത്.
ആശുപത്രി അധികൃതരാണ് ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. വരും ദിവസങ്ങളിലും അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെടുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഉമ്മൻ ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ വൈറൽ ന്യുമോണിയ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം ചികിത്സയിൽ തുടരുന്ന ഉമ്മൻ ചാണ്ടിയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആശുപത്രിയിൽ എത്തി സന്ദർശിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു രാഹുൽ അദ്ദേഹത്തെ ആശുപത്രിയിൽ എത്തി കണ്ടത്. ഉമ്മൻ ചാണ്ടിയുമായി രാഹുൽ സംസാരിച്ചു.
കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, ബെന്നി ബെഹനാൻ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. മക്കളോടും ഭാര്യയോടും അദ്ദേഹം ആരോഗ്യ വിവരങ്ങൾ ആരാഞ്ഞു.
Discussion about this post