എറണാകുളം: താനൂർ ബോട്ട് ദുരന്തത്തിൽ അമിക്കസ് ക്യൂരിയെ നിയമിച്ച് ഹൈക്കോടതി. അഡ്വ. വിഎം ശ്യാംകുമാറിനെയാണ് കോടതി അന്വേഷണത്തിനായി നിയമിച്ചത്. താനൂർ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കളക്ടർ ഇന്ന് കോടതിയിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് സൂക്ഷ്മമായി പരിശോധിച്ച ശേഷമായിരുന്നു അമിക്കസ് ക്യൂരിയെ നിയമിക്കാൻ തീരുമാനിച്ചത്. സംഭവത്തിൽ സ്വമേധയാ ആണ് കോടതി കേസ് എടുത്തത്.
അശാസ്ത്രീയമായി ബോട്ടിൽ ആളെ കയറ്റിയത് ആണ് അപകടത്തിന് കാരണം ആയതെന്നാണ് കളക്ടറുടെ റിപ്പോർട്ടിലുള്ളത്. 22 പേരുടെ ഭാരം താങ്ങാൻ കഴിയുന്ന ബോട്ടിൽ 37 പേരെ കയറ്റി. ഇതേ തുടർന്നുണ്ടായ അമിത ഭാരമാണ് അപകടത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
റിപ്പോർട്ട് പരിശോധിച്ച കോടതി ഇനി ഇത്തരമൊരു ദുരന്തം ആവർത്തികരുതെന്ന് വാക്കാൽ അഭിപ്രായപ്പെട്ടു. ഇതിനായി കോടതിയ്‌ക്കൊപ്പം സർക്കാരും ഉണ്ടാകണം. വിഷയത്തിൽ സർക്കാരിനെ വിമർശിച്ചതിന് പിന്നാലെ കോടതിയ്ക്ക് രൂക്ഷമായ സൈബർ ആക്രമണം നേരിടേണ്ട സാഹചര്യമാണ് ഉള്ളത്. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ അത് സർക്കാർ വിരുദ്ധമാകുമോയെന്നും കോടതി ചോദിച്ചു.
Discussion about this post