ശ്രീനഗർ: ജമ്മു കശ്മീരിലെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ദി കേരള സ്റ്റോറി സിനമ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് സംഘർഷം. സംഭവത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സർക്കാർ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഞായറാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഘർഷം ഉണ്ടായത്.
ഒന്നാം വർഷ വിദ്യാർത്ഥികളാണ് സിനിമയുടെ പേരിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത് എന്നാണ് വിവരം. ചിലർ ദി കേരള സ്റ്റോറിയുടെ വെബ് ലിങ്ക് വിദ്യാർത്ഥികൾക്കായി ഔദ്യോഗിക ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു. ഇതോടെയാണ് പ്രശ്നങ്ങൾ ആരംഭം കുറിച്ചത്. ഇതിനെ ചില വിദ്യാർത്ഥികൾ എതിർത്ത് രംഗത്ത് വന്നു. ഇതോടെ ഗ്രൂപ്പിൽ വാക്കു തർക്കം ഉടലെടുക്കുകയായിരുന്നു.
ഇതിന് ശേഷമാണ് വിദ്യാർത്ഥികൾ ഹോസ്റ്റലിൽ ഏറ്റുമുട്ടിയത്. ഇരു വിഭാഗവും മുറികളിൽ നിന്നും പുറത്തുവന്ന് പരസ്പരം ആക്രമിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് അധികൃതർ എത്തിയാണ് സംഘർഷാവസ്ഥ പരിഹരിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഇതിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
Discussion about this post