മുംബൈ: മതപരിവർത്തനത്തിന്റെ ഇരകളെ സ്വധർമ്മത്തിലേക്ക് തിരിച്ചെത്തിച്ച് സംരക്ഷിക്കുന്ന തിരുവനന്തപുരത്തെ ആർഷവിദ്യാ സമാജത്തിന് 51 ലക്ഷം രൂപ സംഭാവന നൽകി ദ് കേരള സ്റ്റോറി സിനിമയുടെ നിർമാതാവ്. മുംബൈയിൽ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് കോൺഫറൻസിൽ മതപരിവർത്തനത്തിന്റെ ക്രൂരതകൾ നേരിട്ട ആർഷവിദ്യാസമാജത്തിലെ പെൺകുട്ടികളും അനുഭവങ്ങൾ വിവരിച്ചിരുന്നു. ഇതിനൊടുവിലാണ് 51 ലക്ഷം രൂപ ആർഷവിദ്യാസമാജത്തിന് നൽകുമെന്ന് ചിത്രത്തിന്റെ നിർമാതാവ് വിപുൽ അമൃത്‌ലാൽ ഷാ പ്രഖ്യാപിച്ചത്.
51 ലക്ഷം രൂപയുടെ ചെക്കും ചടങ്ങിൽ വിപുൽ ഷാ കൈമാറി. പരിപാടിയിൽ ആർഷവിദ്യാ സമാജത്തിൽ നിന്നുളള ശ്രുതി, അനഘ, വിശാലി എന്നിവർ തങ്ങളുടെ അനുഭവങ്ങൾ വിവരിച്ചു. 26 പേരാണ് ആർഷവിദ്യാസമാജത്തിൽ നിന്നും പരിപാടിയിൽ പങ്കെടുത്തത്.
മതപരിവർത്തനത്തിന് വിധേയരായ 7000 ലധികം യുവതീ യുവാക്കളെ തിരിച്ച് ബ്രെയിൻവാഷ് ചെയ്ത് സ്വധർമ്മത്തിലേക്ക് മടക്കി എത്തിക്കാൻ കഴിഞ്ഞതായി ശ്രുതി പറഞ്ഞു. ഒട്ടേറെ പേരാണ് ഇത്തരത്തിൽ നിർബന്ധിത പരിവർത്തനത്തിന് ഇരകളാകുന്നത്. ഇതിൽ ഭൂരിഭാഗവും ജിഹാദിലേക്കാണ് എത്തിപ്പെടുന്നതെന്നും ശ്രുതി ചൂണ്ടിക്കാട്ടി. സംവിധായകൻ സുദീപ്‌തോ സെൻ, അഭിനേതാക്കളായ അദാ ശർമ്മ, യോഗിത ബിഹാനി, സോണിയ ബലാനി, സിദ്ധി ഇദ്‌നാനി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.
സിനിമയിൽ 32,000 പെൺകുട്ടികളെ മതപരിവർത്തനത്തിന് വിധേയമാക്കിയതായി ചിത്രീകരിക്കുന്നുണ്ടെന്ന്
ആരോപിച്ച് കേരളത്തിൽ ഉൾപ്പെടെ സിനിമയ്‌ക്കെതിരെ വലിയ വിവാദങ്ങൾ തലപൊക്കിയിരുന്നു. മതവിദ്വേഷം വളർത്തുന്നതായി ആരോപിച്ച് പശ്ചിമബംഗാളിൽ സിനിമ വിലക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മതപരിവർത്തനത്തിന്റെ ഇരകളെ തന്നെ വേദിയിലെത്തിച്ച് സിനിമയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വാസ്തവമാണെന്ന് അണിയറ പ്രവർത്തകർ സമർത്ഥിച്ചത്.
സിനിമ പ്രദർശിപ്പിക്കുന്നത് വിലക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രണയം നടിച്ച് പെൺകുട്ടികളെ കുരുക്കിലാക്കി ഐഎസ് ഉൾപ്പെടെയുളള തീവ്രവാദ സംഘങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതാണ് സിനിമയുടെ പ്രമേയം.
Discussion about this post