ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ സെഞ്ചറി പറത്തിയ വിരാട് കോഹ്ലിക്ക് ആരാധകരുടെ അഭിനന്ദനപ്രവാഹം. മാച്ചിൽ കോലി സെഞ്ച്വറിയുമായി പട നയിച്ചപ്പോൾ ആർസിബി രാജകീയ വിജയം സ്വന്തമാക്കുകയായിരുന്നു. എട്ട് വിക്കറ്റിലാണ് ആർസിബി അനായാസ വിജയം നേടിയത്. ഇപ്പോൾ ആരാധകരിൽ നിന്നും വിദഗ്ധരിൽ നിന്നും ഒരുപോലെ പ്രശംസ നേടുകയാണ്.
പാകിസ്താൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ആമിർ സോഷ്യൽ മീഡിയയിൽ കോഹ്ലിയെക്കുറിച്ച് പറഞ്ഞ പരാമർശമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ‘വാട്ട് എ ഇന്നിംഗ്‌സ് ബൈ വൺ ഓൺലി ദി റിയൽ കിംഗ്’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം കോഹ്ലിയുടെ ചിത്രം പോസ്റ്റ് ചെയ്തത്.
ഇതോടെ പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തി. പാക് ക്രിക്കറ്റ് താരം, കോഹ്ലിയെ പ്രശംസിച്ചത് അഭിനന്ദനാർഹമാണെന്ന് പ്രതികരണങ്ങളാണ് ലഭിച്ചത്. എന്നാൽ ചിലർ മുഹമ്മദ് ആമിറിനെ വിമർശിക്കുന്നുമുണ്ട്. ”കോഹ്ലിയെ കിംഗ് എന്ന് വിളിച്ചതോടെ നിങ്ങളോട് എനിക്കുണ്ടായിരുന്ന എല്ലാ ആരാധനയും പോയി” എന്ന് ഒരാൾ പറഞ്ഞു. ”പാകിസ്താനികൾ ബാബർ അസമിനെയാണ് കിംഗ് എന്ന് വിളിക്കാറുള്ളത്. കോഹ്ലി ലെജന്റ് ആണെങ്കിലും അയാളെ ഒരിക്കലും അങ്ങനെ വിളിക്കാൻ പാടില്ലായിരുന്നു. ഇതിലൂടെ സനമാധാനം തകർക്കാനാണ് നിങ്ങൾ ശ്രമിച്ചത്” എന്നും യുവാവ് പറഞ്ഞു.
വെറും 63 ബോളിൽ 100 റൺസ് എടുത്താണ് കോഹ്ലി ഹൈദരാബാദിനെ തറപറ്റിച്ചത്. 12 ഫോറു നാലു വമ്പൻ സിക്സറുകളും ഇന്നിങ്സിലുണ്ടായിരുന്നു. 94ൽ നിൽക്കെ ഭുവനേശ്വർ കുമാറിനെതിരേ സിക്സർ പറത്തിയായിരുന്നു കോലി മൂന്നക്കത്തിലെത്തിച്ചത്.








