ഹിരോഷിമ: രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കൻ സൈന്യം അണുബോംബ് വർഷിച്ച ഹിരോഷിമയിൽ ഗാന്ധിപ്രതിമ അനാശ്ചാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 7 നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ ഹിരോഷിമയിലെത്തിയ പ്രധാനമന്ത്രി ജപ്പാൻ പ്രധാനമന്ത്രി ഫൂമിയോ കിഷിദയുമായും കൂടിക്കാഴ്ച നടത്തി.
ഇന്നും ലോകം ഹിരോഷിമയെന്ന വാക്ക് കേൾക്കുമ്പോൾ നടുങ്ങുന്ന സ്ഥിതിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വളരെ പ്രധാനപ്പെട്ട സന്ദേശമാണ് ഹിരോഷിമയിലെ ഗാന്ധി പ്രതിമ നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഹിംസയുടെ ഗാന്ധിയൻ തത്വത്തെ മുന്നോട്ടുകൊണ്ടുപോകാൻ അത് സഹായിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സമാധാനത്തിന്റെയും ഐക്യത്തിന്റെയും ഗാന്ധിയൻ തത്വങ്ങൾ ലോകമെങ്ങും മുഴങ്ങിക്കൊണ്ടിരിക്കുകയാണെന്നും ലക്ഷക്കണക്കിന് ജനങ്ങൾക്ക് അത് ഇന്നും കരുത്ത് പകരുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജപ്പാൻ പ്രധാനമന്ത്രിക്ക് താൻ സമ്മാനമായി നൽകിയ ബോധിവൃക്ഷം ഹിരോഷിമയിലാണ് നട്ടുപിടിപ്പിച്ചിട്ടുളളതെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ഇവിടെ വരുമ്പോൾ സമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങൾക്ക് സ്വയം മനസിലാക്കാൻ അത് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post