ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മികച്ച 10 ശതകോടീശ്വരന്മാരുടെ പട്ടികയിൽ മണിക്കൂറുകൾക്കുള്ളിൽ വലിയ മാറ്റങ്ങൾ പ്രകടമായെന്ന് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ശതകോടീശ്വരൻമാരുടെ സമ്പത്തിലും വലിയ മാറ്റങ്ങളാണ് കാണാൻ കഴിഞ്ഞത്. പല സമ്പന്നരുടെയും ആസ്തിയിൽ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമ്പത്തിൽ വരുന്ന മാറ്റം സമ്പന്നരുടെ പട്ടികയിലും മാറ്റത്തിന് കാരണമാകും.
കഴിഞ്ഞ 20 മണിക്കൂറിനുള്ളിൽ 18 ശതകോടീശ്വരന്മാരുടെ സമ്പത്തിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം വ്യക്തമാക്കുന്നത്. ആമസോൺ ഉടമ ജെഫ് ബെസോസാണ് ഇതിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത്. അദ്ദേഹത്തിന്റെ ആസ്തിയിൽ 19.8 ബില്യൺ ഡോളറാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ശത കോടീശ്വരൻമാരുടെ പട്ടികയിൽ ജെഫ് ബെസോസ് മൂന്നാം സ്ഥാനത്തേക്ക് മാറി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗൗതം അദാനിയുടെയും അംബാനിയുടെയും സമ്പത്തിൽ വർധനവാണ് രേഖപ്പെടുത്തിയത്. അദാനിയുടെ ആസ്തിയിൽ 4.38 ബില്യൺ ഡോളർ വർധിച്ച് 64.2 ബില്യൺ ഡോളറായി. മുകേഷ് അംബാനിയുടെ ആസ്തി 5.49 ദശലക്ഷം ഡോളർ വർദ്ധിച്ചു.










