മുംബൈ: കോടികളുടെ ആസ്തിയും ആഡംബര വാഹനങ്ങളും സുരക്ഷാ ജീവനക്കാരെയും മാറ്റിവെച്ച് മഹാരാഷ്ട്രയിലെ ഏറ്റവും ധനികനായ ബിജെപി എംഎൽഎ പരാഗ് ഷാ മുംബൈ തെരുവിൽ യാചകനായി ഇറങ്ങിയത് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. മുംബൈ ഘാട്കോപ്പർ ഈസ്റ്റിൽ നിന്നുള്ള ജനപ്രതിനിധിയും പ്രമുഖ വ്യവസായിയുമായ പരാഗ് ഷാ 2024-ലെ നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 3,383 കോടിയിലധികം രൂപയുടെ ആസ്തിയാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, അഹങ്കാരം വെടിഞ്ഞ് ഭാരതീയ ആത്മീയ മൂല്യങ്ങളും എളിമയും ജീവിതത്തിൽ പകർത്താനായി അദ്ദേഹം വേറിട്ടൊരു വഴി തിരഞ്ഞെടുക്കുകയായിരുന്നു.
തന്റെ ആത്മീയ ഗുരുവായ ജെയിൻ മുനി രാഷ്ട്രസന്ത് ശ്രീ നമ്രമുനി മഹാരാജ് സാഹിബിന്റെ നിർദേശപ്രകാരമാണ് ‘ചാതുർമാസ്യ’ വ്രതകാലത്ത് എംഎൽഎ ഈ വേറിട്ട പരീക്ഷണം നടത്തിയത്. വേഷപ്രച്ഛന്നനായി മുഖത്ത് മേക്കപ്പ് ഇട്ട് ചീന്തിയ വസ്ത്രങ്ങളും ധരിച്ച് ഘാട്കോപ്പർ റെയിൽവേ സ്റ്റേഷൻ പരിസരത്തും വഴിയോരങ്ങളിലും യാചകനായി അദ്ദേഹം മണിക്കൂറുകളോളം കഴിഞ്ഞു. വഴിപോക്കരോട് ഭക്ഷണവും ഭിക്ഷയും യാചിച്ച അദ്ദേഹത്തെ തിരിച്ചറിയാൻ ആർക്കും സാധിച്ചില്ല.
തന്റെ അനുഭവത്തെക്കുറിച്ച് പരാഗ് ഷാ പിന്നീട് വിവരിച്ചതിങ്ങനെ: “നേരത്തെ എന്റെ മുന്നിൽ ബഹുമാനത്തോടെ നിരന്നുനിന്നിരുന്ന ആളുകൾക്ക് മുന്നിലാണ് ഞാൻ യാചകനായി ചെന്നത്. പണവും പദവിയും മാറുമ്പോൾ മനുഷ്യന്റെ കാഴ്ചപ്പാട് എങ്ങനെ മാറുന്നുവെന്ന് ഈ അനുഭവം എന്നെ പഠിപ്പിച്ചു. എന്നാൽ സാധാരണക്കാരായ ഭാരതീയരുടെ മനസ്സിലെ കരുണ വറ്റിയിട്ടില്ലെന്ന് എനിക്ക് ബോധ്യമായി. വഴിയരികിൽ നിന്ന ഒരാൾ 20 രൂപ തന്നിട്ട് ‘പോയി ഭക്ഷണം കഴിക്കൂ ബാബാ’ എന്ന് പറഞ്ഞു. കയ്യിൽ പണമില്ലെന്ന് പറഞ്ഞപ്പോൾ ഒരു വഴിയോരക്കച്ചവടക്കാരൻ പുഞ്ചിരിയോടെ സൗജന്യമായി സമോസ നൽകി.”
ഭിക്ഷാടനത്തിന് ശേഷം വേഷം മാറ്റി സാധാരണ രൂപത്തിൽ അതേ ആളുകളുടെ അടുക്കൽ തിരിച്ചെത്തി അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. കോടീശ്വരനായ എംഎൽഎ തെരുവിൽ യാചകനായി ഇരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലായതോടെ, സനാതന-ജെയിൻ ധർമ്മങ്ങളുടെ എളിമയും ആത്മീയ ശിക്ഷണവും മുറുകെപ്പിടിച്ച ജനപ്രതിനിധിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.









