തിരുനെൽവേലി: വിനായക ചതുർത്ഥിക്ക് വേറിട്ട ഓഫർ നൽകുന്നതിനായി ഗണപതി ബിരിയാണി കഴിക്കുന്ന ചിത്രം പതിച്ച ബാനർ ഉയർത്തിയ കടയുടമ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ തിരുനെൽവേലി വി.എം. ഛത്രം മേഖലയിൽ പ്രവർത്തിക്കുന്ന ബിരിയാണി കടയുടെ ഉടമ ജയന്തിനെയാണ് (30) പോലീസ് കസ്റ്റഡിയിലെടുത്തത്. ‘അറബിക് സ്റ്റൈൽ 65 ബിരിയാണി 99 രൂപയ്ക്ക്’ എന്ന ഓഫറിന്റെ പരസ്യത്തിലാണ് ഗണപതിയുടെ ചിത്രം വരുന്നത്.
വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി ഞായർ, തിങ്കൾ ദിവസങ്ങളിലായിരുന്നു പ്രത്യേക ഓഫർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ദൈവത്തെ ബിരിയാണി കഴിക്കുന്ന രീതിയിൽ ചിത്രീകരിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പ്രദേശവാസികൾ രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെ ഫ്ലക്സ് ബോർഡിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും വ്യാപക പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തു.
പ്രതിഷേധം ശക്തമായതോടെ പോലീസെത്തി വിവാദ ബാനർ നീക്കം ചെയ്തു. തുടര്‍ന്ന് പ്രദേശവാസിയായ സെൽവരാജ് എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുനെൽവേലി മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കടയുടമയെ അറസ്റ്റ് ചെയ്തത്. ഹൈന്ദവ ദൈവത്തെ അധിക്ഷേപിക്കുന്ന രീതിയിൽ ചിത്രീകരിച്ച് പരസ്യം നൽകിയതിനാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.











