കൽപ്പറ്റ : യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. വയനാട് ചുളളിയോട് സ്വദേശി അജിൻ പീറ്ററാണ് അമ്പലവയൽ പോലീസിന്റെ പിടിയിലായത്. യുവതിയുടെ പരാതിയിലാണ് നടപടി.
എംബിഎ ബിരുദധാരിയാണ് അജിൻ. ഇയാളും യുവതിയും തമ്മിൽ സൗഹൃദത്തിലായിരുന്നു. എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധം വഷളായതോടെ ഇയാൾ യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. കർണാടക സ്വദേശിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് പുതിയ വാട്‌സ്ആപ്പ് ഉണ്ടാക്കി, ഈ അക്കൗണ്ടിൽ നിന്നാണ് പരാതിക്കാരിയായ യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്.
കോളേജ് വിദ്യാർത്ഥികളുടെ നഗ്‌ന വീഡിയോ എന്ന തലക്കെട്ടോടെയാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചത്. യുവതിയുടെ അയൽക്കാരനും ഈ വീഡിയോ അയച്ചുകൊടുത്തു. അങ്ങനെയാണ് സംഭവം പുറത്തറിയുന്നത്. വാട്‌സ്ആപ്പ് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.










