ഭോപ്പാൽ: മദ്ധ്യപ്രദേശിൽ സുഹൃത്തായ മുസ്ലീം യുവതിയ്‌ക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന ഹിന്ദു യുവാവിന് നേരെ മതതീവ്രവാദികളുടെ ആക്രമണം. ഇൻഡോറിലായിരുന്നു സംഭവം. ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇൻഡോർ നഗരത്തിലെ ഹോട്ടലിൽവച്ചായിരുന്നു സംഭവം. മുസ്ലീം യുവതിയ്‌ക്കൊപ്പം ഹോട്ടലിൽ എത്തി ഭക്ഷണം കഴിക്കുകയായിരുന്നു യുവാവ്. ഇതിനിടെ സംഘം ചേർന്ന് എത്തിയ ആയുധ ധാരികളായ മതതീവ്രവാദികൾ ആക്രമിക്കുകയായിരുന്നു. മറ്റൊരു മതത്തിൽപ്പെട്ടയാളുമായി എന്തിനാണ് സൗഹൃദമെന്ന് ചോദിച്ച് മതതീവ്രവാദികളുടെ സംഘം യുവതിയെ ബലമായി പിടിച്ചിറക്കിക്കൊണ്ട് പോകാൻ ശ്രമിച്ചു. എന്നാൽ ഇത് യുവാവ് ചെറുക്കുകയായിരുന്നു. ഇതോടെയാണ് സംഘർഷം ഉണ്ടായത് എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
യുവാവിനെ ആക്രമിക്കുന്നത് കണ്ട രണ്ട് പേർ ഇത് ചെറുക്കാൻ എത്തി. എന്നാൽ ഇവരെ മതതീവ്രവാദികളുടെ സംഘം കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ പോലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പോലീസ് മതതീവ്രവാദികളുടെ സംഘത്തിന് നേരെ കേസ് എടുത്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 307ാം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രതികൾക്കായി ഈ ദൃശ്യങ്ങൾ പോലീസ് സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. സംഭവത്തിൽ യുവതിയുടെയും യുവാവിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തി.








