ഭോപ്പാൽ: വായുസേനയുടെ അപ്പാച്ചെ ഹെലികോപ്ടർ സാങ്കേതിക തകരാറിനെ തുടർന്ന് മദ്ധ്യപ്രദേശിൽ അടിയന്തിര ലാൻഡിംഗ് നടത്തി. ഭിന്ദ് ജില്ലയിലെ പാടത്താണ് ലാൻഡിംഗ് നടത്തിയത്. അപ്പാച്ചെ എഎച്ച് – 64 ഹെലികോപ്ടറിനാണ് തകരാർ നേരിട്ടത്.
സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് മുൻകരുതൽ ലാൻഡിംഗ് നടത്തുകയായിരുന്നുവെന്ന് വായുസേന ട്വിറ്ററിലൂടെ അറിയിച്ചു. ഹെലികോപ്ടറിൽ ഉണ്ടായിരുന്ന സൈനികർ സുരക്ഷിതരാണെന്നും സേന വ്യക്തമാക്കി. പതിവ് പരിശീലന പറക്കലിനിടെ ആയിരുന്നു സംഭവം.
തകരാർ പരിഹരിക്കാൻ സാങ്കേതിക വിദഗ്ധർ സംഭവ സ്ഥലത്ത് എത്തിയതായും വായുസേന അറിയിച്ചു. മറ്റൊരു ഹെലികോപ്ടറിലാണ് സാങ്കേതിക വിദഗ്ധരെ സ്ഥലത്ത് എത്തിച്ചത്. പാടത്ത് ഹെലികോപ്ടർ ലാൻഡ് ചെയ്തത് നാട്ടുകാരെയും പരിഭ്രാന്തിയിലാക്കി. കൃഷിയൊഴിഞ്ഞ പാടത്താണ് സുരക്ഷിതമായി ഹെലികോപ്ടർ ഇറക്കിയത്.









