സ്ത്രീകൾ എപ്പോഴും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ചെറിയ കാര്യങ്ങൾക്ക് പോലും പരാതി പറയുന്നവരാണെന്ന് കുടുംബത്തിലെ പുരുഷന്മാർ ഉൾപ്പെടെയുള്ളവർ പരിഹസിക്കാറുള്ളത് പതിവാണ്. എന്നാൽ ഈ മുൻവിധികളെ പൂർണ്ണമായും തള്ളിക്കളയുന്ന ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. ജീവിതത്തിലുടനീളം പുരുഷന്മാരേക്കാൾ കൂടുതൽ ശാരീരിക വേദന അനുഭവിക്കുന്നത് സ്ത്രീകളാണെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ പലപ്പോഴും സ്ത്രീകളുടെ ഇത്തരം ശാരീരിക ബുദ്ധിമുട്ടുകളും വേദനകളും സമൂഹം നിസ്സാരവൽക്കരിക്കുകയാണ് പതിവെന്നും, വേദന അനുഭവപ്പെടുമ്പോൾ ആവശ്യത്തിന് ചികിത്സയോ വേദനസംഹാരികളോ ലഭിക്കാനുള്ള സാധ്യത സ്ത്രീകൾക്ക് കുറവാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
പ്രശസ്തമായ ‘നേച്ചർ മെഡിസിൻ’ (Nature Medicine) ജേണലിൽ പ്രസിദ്ധീകരിച്ച ഈ സുപ്രധാന പഠനത്തിൽ ലോകമെമ്പാടുമുള്ള 118 രാജ്യങ്ങളിൽ നിന്നുള്ള 61 ലക്ഷത്തിലധികം ആളുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങളാണ് ഗവേഷകർ വിശകലനം ചെയ്തത്. ഔദ്യോഗിക വൈദ്യപരിശോധനാ റിപ്പോർട്ടുകളെ മാത്രം ആശ്രയിക്കാതെ, അഞ്ച് വയസ്സുമുതൽ നൂറു വയസ്സിനു മുകളിൽ പ്രായമുള്ളവർ വരെ സ്വന്തം ശരീരവേദനയെക്കുറിച്ച് പങ്കുവെച്ച അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ആഗോള ചിത്രം തയ്യാറാക്കിയത്. തല, മുഖം, കഴുത്ത്, പുറം, വയർ, ഇടുപ്പ്, കാൽമുട്ട് തുടങ്ങി പഠനവിധേയമാക്കിയ 11 ശരീരഭാഗങ്ങളിലും പുരുഷന്മാരേക്കാൾ കൂടുതൽ വേദന അനുഭവിക്കുന്നതായി സ്ത്രീകൾ തുറന്നുപറഞ്ഞു.
പഠനമനുസരിച്ച് തലവേദന, മുഖത്തെ വേദന, വയറുവേദന എന്നിവയിലാണ് ലിംഗഭേദമനുസരിച്ചുള്ള വ്യത്യാസം ഏറ്റവും കൂടുതൽ പ്രകടമായി കാണാൻ സാധിച്ചത്. പുരുഷന്മാരേക്കാൾ 83 ശതമാനം അധികം സ്ത്രീകൾ മുഖത്തെ വേദനയും, 74 ശതമാനം അധികം പേർ തലവേദനയും, 60 ശതമാനം അധികം പേർ വയറുവേദനയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹോർമോൺ വ്യതിയാനങ്ങൾ, ജൈവികമായ ഘടനകൾ, സാമൂഹികപരമായ സമ്മർദ്ദങ്ങൾ എന്നിവയെല്ലാം സ്ത്രീകളിലെ ഇത്തരം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളെ ഗൗരവത്തോടെ കാണണമെന്നും അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വലിയ ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്.












