പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ തുടക്കം. ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്സ് മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ കൃത്യമായ ആധിപത്യം പുലർത്തിയാണ് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ പതിനെട്ടാം മിനിറ്റിൽ കൊറൗ സിങ്ങിന്റെ മനോഹരമായ അസിസ്റ്റിൽ നിന്ന് വിബിൻ മോഹനൻ ഉതിർത്ത മനോഹരമായ റൈറ്റ് ഫൂട്ട് ഷോട്ട് വലയുടെ മുകളിലെ ബോക്സിലേക്ക് തുളച്ചുകയറിയതോടെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിലും ആക്രമണം തുടരുകയായിരുന്നു.
മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ (90+4′) മുഹമ്മദ് സനാന്റെ അസിസ്റ്റിൽ നിന്ന് ഗ്രീൻ തൊടുത്ത ഇടംകാലൻ ഷോട്ട് ഇന്റർ കാശിയുടെ വലയുടെ താഴത്തെ വലത് മൂലയിൽ പതിച്ചതോടെ ബ്ലാസ്റ്റേഴ്സ് വിജയമുറപ്പിച്ചു. മത്സരത്തിലുടനീളം 52 ശതമാനം പന്ത് കൈവശം വെച്ച ബ്ലാസ്റ്റേഴ്സ്, എതിരാളികളുടെ ഗോൾമുഖത്തേക്ക് 13 ഷോട്ടുകളാണ് ഉതിർത്തത്. ഇതിൽ ആറെണ്ണം ലക്ഷ്യത്തിലേക്ക് തൊടുക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. സീസണിലെ ആദ്യ പോരാട്ടത്തിൽ തന്നെ അർഹിച്ച ഈ മികച്ച ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താനും മഞ്ഞപ്പടയ്ക്ക് സാധിച്ചിട്ടുണ്ട്.











