തൃശ്ശൂർ: വാഹനാപകടത്തിൽപ്പെട്ട നടൻ കൊല്ലം സുധിയുടെ മരണത്തിന് കാരണമായത് തലയ്‌ക്കേറ്റ ഗുരുതര പരിക്കെന്ന് സൂചന. ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ അദ്ദേഹം അബോധാവസ്ഥയിൽ ആയിരുന്നുവെന്നാണ് രക്ഷാപ്രവർത്തനം നടത്തിയവർ പറയുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.
അപകട സമയം കാറിന്റെ മുൻ ഭാഗത്തായാണ് സുധി ഇരുന്നിരുന്നത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നിരുന്നു. വളരെ പാടുപെട്ടാണ് അദ്ദേഹത്തെ കാറിൽ നിന്നും പുറത്തെടുത്തത്. എന്നാൽ അപ്പോഴേയ്ക്കും അബോധാവസ്ഥയിലേക്ക് പോയിരുന്നു. അദ്ദേഹത്തെ ഉടനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടം നടക്കുമ്പോൾ ഉല്ലാസ് അരൂർ ആണ് വാഹനം ഓടിച്ചിരുന്നത്. അദ്ദേഹത്തിനും സാരമായ പരിക്കുകൾ ഉണ്ട്.
ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വാഹനം ഓടിക്കുന്നതിനിടെ ഉല്ലാസ് ഉറങ്ങിപ്പോയതാണോ അപകടത്തിന് കാരണം ആയതെന്നാണ് സംശയിക്കുന്നത്. ഉല്ലാസും പരിക്കേറ്റ മറ്റ് താരങ്ങളും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
കയ്പമംഗലത്തിന് സമീപം പനമ്പിക്കുന്നിൽവച്ചാണ് പുലർച്ചെ ഇവരുടെ വാഹനം അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ആഴ്ചയും ഇതേ സ്ഥലത്ത് വാഹനാപകടം ഉണ്ടായിരുന്നു. ടാങ്കർ ലോറി മറ്റൊരു ലോറിയ്ക്ക് പിന്നിൽ ഇടിച്ചായിരുന്നു അപകടം. ഇതിൽ ടാങ്കർ ലോറിയുടെ ഡ്രൈവർ മരിച്ചിരുന്നു.
Discussion about this post