ഇടുക്കി : തമിഴ്‌നാട്ടിൽ മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പന്റെ ആയുരാരോഗ്യത്തിനായി വഴിപാടുകളുമായി ആനപ്രേമികൾ. കുമളി ശ്രീ ദുർഗ ഗണപതി ഭദ്രകാളീ ക്ഷേത്രത്തിലാണ് ഒരു മൃഗസ്‌നേഹി അരിക്കൊമ്പന് വേണ്ടി വഴിപാടുകൾ നടത്തിയത്. ഈ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
”അരിക്കൊമ്പൻ-ഉത്രം നക്ഷത്രം” എന്നാണ് ക്ഷേത്രത്തിലെ വഴിപാട് രസീതിയിൽ എഴുതിയിരിക്കുന്നത്. ഭാഗ്യസൂക്ത പുഷ്പാഞ്ജലിയാണ് ചെയ്തത്. തൊടുപുഴ മണക്കാട് സ്വദേശി സന്തോഷ് മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തിൽ അരിക്കൊമ്പന് വേണ്ടി മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തി. ചെറുപ്പം മുതൽ മൃഗങ്ങളോടുള്ള അകമഴിഞ്ഞ സ്നേഹമാണ് അരിക്കൊമ്പന് വേണ്ടി വഴിപാട് കഴിക്കാൻ പ്രേരിപ്പിച്ചത് എന്ന് സന്തോഷ് പറഞ്ഞു.
തമിഴ്‌നാട് സർക്കാർ പിടികൂടിയ അരിക്കൊമ്പനെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ചിന്നക്കനാലിൽ ഗോത്ര ജനത സൂചനാ സമരം നടത്തിയിരുന്നു. ചിന്നക്കനാലിലെ ആടുവിളന്താൻ, ടാങ്ക് മേട്, പച്ചപുൽ, ചെമ്പകതൊഴു, കോഴിപ്പന എന്നീ കുടി നിവാസികളാണ് അരിക്കൊമ്പന് വേണ്ടി ഒത്തു ചേർന്നത്. മയക്കുവെടികളും കാട് മാറ്റവുമെല്ലാം അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതിയെ ബാധിക്കുമെന്നും ഇവർ പറയുന്നു.












