മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി രണ്ട് പേർ പിടിയിൽ. കാസർകോട് സ്വദേശി റിയാസ് അഹമ്മദ്, കോഴിക്കോട് സ്വദേശി ഹുസൈൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നായി ഒരു കോടിയിലധികം രൂപയുടെ സ്വർണവും പിടിച്ചെടുത്തു.
രാവിലെയോടെയായിരുന്നു സംഭവം. സ്വർണം ക്യാപ്സൂൾ രൂപത്തിലാക്കിയാണ് ഇരുവരും കടത്താൻ ശ്രമിച്ചത്. എന്നാൽ സുരക്ഷാ പരിശോധനയ്ക്കിടെ ഇവരെ പിടികൂടുകയായിരുന്നു. സുരക്ഷാ പരിശോധനയിൽ ഇവരെ സംശയം തോന്നിയിരുന്നു. ഇതേ തുടർന്ന് ചോദ്യം ചെയ്തെങ്കിലും ആദ്യം ഇവർ കുറ്റം നിഷേധിക്കുകയായിരുന്നു. ഇതിന് ശേഷം നടത്തിയ വിശദമായ ദേഹ പരിശോധനയിൽ ആണ് സ്വർണം പിടിച്ചെടുത്തത്. ഇരുവരുടെയും പക്കൽ നിന്നും 2085 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇതിന് വിപണിയിൽ ഒരു കോടി 15 ലക്ഷം രൂപവരുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസവും കരിപ്പൂരിൽ നിന്നും സ്വർണം പിടിച്ചെടുത്തിരുന്നു. ഒരു കോടി 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ മണ്ണാർക്കാട് സ്വദേശി മുഹമ്മദ് ഷെരീഫ്, കരുവാരക്കുണ്ട് സ്വദേശി സഫ്വാൻ എന്നിവരാണ് പിടിയിലായത്.
Discussion about this post